
വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ആയിരക്കണക്കിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുൾപ്പെടെ 41,000-ത്തിലധികം ജീവനക്കാരുടെ അതീവ രഹസ്യ വിവരങ്ങൾ വൻ സൈബർ ആക്രമണത്തിലൂടെ പുറത്തായി. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാവീഴ്ചകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ചോർന്ന രേഖകളിൽ ഉദ്യോഗസ്ഥരുടെ പേരുകൾ, ഔദ്യോഗിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവയ്ക്ക് പുറമെ അവർ കൈകാര്യം ചെയ്യുന്ന രഹസ്യ ഓപ്പറേഷനുകളുടെ വിശദാംശങ്ങളും ഉൾപ്പെടുന്നു. ബോർഡർ പ്രൊട്ടക്ഷൻ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) എന്നീ വിഭാഗങ്ങളിലെ ഏജന്റുമാരുടെ വിവരങ്ങളാണ് പ്രധാനമായും ചോർന്നിരിക്കുന്നത്. സമീപകാലത്തായി യുഎസ് സർക്കാർ ഏജൻസികൾക്ക് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഹാക്കിങ് ശ്രമമാണിത്.
‘ഡിപ്പാർട്ട്മെന്റ് ഓഫ് പീസ്’ എന്ന ഹാക്കർ ഗ്രൂപ്പും സൈബർ സുരക്ഷാ ഗവേഷകയായ മായ ക്രൈമും ചേർന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്. ‘ഐസ്പിക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഡാറ്റാബേസ് വഴി ‘ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സീക്രട്ട്സ്’ എന്ന വെബ്സൈറ്റിലാണ് ഈ വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ഗവൺമെന്റിന്റെ രഹസ്യ ഓപ്പറേഷനുകൾക്കും നാടുകടത്തൽ പ്രക്രിയകൾക്കും നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. യുഎസ് ഭരണകൂടം ഇമിഗ്രേഷൻ നടപടികൾ കർശനമാക്കുമെന്ന് പ്രഖ്യാപിച്ചതിനോടുള്ള പ്രതികരണമായാണ് ഈ നീക്കം.
അതേസമയം, ഹാക്കിങ്ങിനായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ‘ഓക്ത’ സെക്യൂരിറ്റി സർവീസ് ഈ അവകാശവാദങ്ങൾ നിഷേധിച്ചു. തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്നും ഡാറ്റ ചോർന്നതിന് തെളിവില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.
യുഎസിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള അതിക്രമങ്ങളും നാടുകടത്തലും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രതിസന്ധി. തിരിച്ചറിയൽ രേഖകൾ വെളിപ്പെടുത്താതെ, മുഖംമൂടി ധരിച്ച് ഇമിഗ്രേഷൻ ഏജന്റുമാർ നടത്തുന്ന അക്രമങ്ങൾക്കെതിരെ യുഎസിൽ പൊതുജനരോഷം ശക്തമാണ്. ഈ വർഷം മാത്രം ഏജന്റുമാരുടെ വെടിയേറ്റ് നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷം 10 ലക്ഷത്തോളം പേരെയാണ് യുഎസ് നാടുകടത്തിയത്. ഇതിൽ ഭൂരിഭാഗവും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരാണെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കി പുതിയ വിവരച്ചോർച്ച ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പ്രതികരിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
Major cyberattack rocks the US: Data of tens of thousands of immigration agents exposed; Trump administration on the defensive.













