
ടെഹ്‌റാൻ: ഖത്തർ തങ്ങൾക്ക് പുതിയൊരു സമാധാന നിർദ്ദേശം നൽകിയിട്ടില്ലെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ബുധനാഴ്ച വ്യക്തമാക്കി. പകരം അംഗീകരിക്കാനാവാത്ത ചില ആശയങ്ങളുമായാണ് ഖത്തർ എത്തിയതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ കരട് കരാർ ഖത്തർ ഇടനിലക്കാർ ഞായറാഴ്ച ഇറാനു കൈമാറിയതായി റോയിട്ടേഴ്സ് ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചകളെക്കുറിച്ച് അറിയാവുന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. എന്നാൽ തങ്ങൾക്ക് പുതിയ സമാധാന നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഇറാനിയൻ ഉദ്യോഗസ്ഥൻ, ആണവ വിഷയത്തിൽ തെഹ്‌റാൻ യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും വ്യക്തമാക്കി.
അതേസമയം, മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ഹ്രസ്വകാലമെങ്കിലും ശക്തമായ സൈനിക നടപടിക്ക് തയ്യാറെടുക്കാൻ അമേരിക്ക തങ്ങളുടെ ഗൾഫ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടും പുറത്ത് വന്നു. ‘ദ വാൾസ്ട്രീറ്റ് ജേർണൽ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി അമേരിക്കൻ സൈന്യം ടെക്സാസിൽ നിന്ന് ഇസ്രായേലിലേക്ക് ഒരു പാട്രിയോട്ട് മിസൈൽ പ്രതിരോധ സംവിധാനം അയച്ചിട്ടുണ്ട്. കൂടാതെ സുരക്ഷിതമല്ലാത്ത താവളങ്ങളിൽ നിന്ന് സൈനികരെ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലുടനീളമുള്ള യു.എസ് സേന ആയുധശേഖരം പുനഃസ്ഥാപിച്ചു വരികയാണ്. വ്യോമസേനയും ആക്രമണങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. മേഖലയിലുള്ള ഏകദേശം 20 യുദ്ധക്കപ്പലുകൾക്ക് പുറമെ ഒരു അധിക എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പും മറൈൻ യൂണിറ്റും കൂടി ഈ മേഖലയിൽ എത്തിയേക്കുമെന്നും എന്നാൽ ചില കപ്പലുകൾ പിൻവലിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.













