ജറുസലം: ഇസ്രയേലിൽ നടന്ന നിർണായക പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യം വീണ്ടും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. 93 ശതമാനം കേന്ദ്രങ്ങളിലെ 85.6 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകളിലേക്ക് ചുരുങ്ങിയതായി പ്രമുഖ ഇസ്രയേലി മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണുള്ളത്.
നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഭരണം പിടിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നിരയുടെ ആകെ സീറ്റ് നില 67 ആയി ഉയർന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഇരട്ടിച്ചു. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, അധികാരം നിലനിർത്താൻ നെതന്യാഹുവിന്റെ സഖ്യത്തിന് ഇനിയും എട്ട് സീറ്റുകളുടെ കുറവുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രധാന മുന്നണികൾക്കൊന്നിനും സ്വന്തമായി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയാണ്.
രാജ്യം വീണ്ടുമൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും തിരഞ്ഞെടുപ്പിലേക്കും പോകുന്ന അന്തരീക്ഷം നിലനിൽക്കെ, സർക്കാർ രൂപീകരണത്തിനായി രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് യിസാക്ക് ഹെർസോഗ് ആവശ്യപ്പെട്ടു. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ബുധനാഴ്ച ചേർന്ന രാഷ്ട്രീയ നേതാക്കളുടെ യോഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാവരും തുറന്ന മനസ്സോടെ ചർച്ചകൾക്ക് തയാറാകണമെന്ന് തന്റെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ ഹെർസോഗ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ആർക്കും ഭൂരിപക്ഷമില്ലാതെ രാജ്യം പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ, ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യാഇർ ഗോലാൻ നിർണായക നീക്കവുമായി രംഗത്തെത്തി. ഭൂരിപക്ഷം തികയ്ക്കുന്നതിനായി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും അറബ് പാർട്ടികളും ഒരുമിച്ചു നിൽക്കണമെന്ന് ഗോലാൻ ആഹ്വാനം ചെയ്തു. അതേസമയം, സാധാരണ പോളിങ് സ്റ്റേഷനുകളിലെ വോട്ടെണ്ണൽ പൂർത്തിയായെങ്കിലും സൈനികരുടെ വോട്ടുകൾ അടങ്ങിയ പ്രത്യേക ബാലറ്റുകൾ കൂടി എണ്ണിത്തീരുന്നതോടെ സീറ്റ് നിലയിൽ മാറ്റങ്ങൾ വന്നേക്കാമെന്നാണ് വിലയിരുത്തൽ.
Israel Faces Political Deadlock as No Bloc Secures Majority; President Herzog Urges Parties to Avoid Fresh Elections













