അമേരിക്കയിലെ പ്രമുഖ മെഡിക്കൽ ലാബ് കമ്പനികളിലൊന്നായ ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സിൽ സൈബർ സുരക്ഷാ വീഴ്ച. രോഗികളുടെ ചില രേഖകൾ അനധികൃതമായി ലഭിച്ചതായി കമ്പനി ഒക്ടോബർ 22ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.കമ്പനിയുടെ ക്വാനം ലാബ് സർവീസസ് മാനേജർ (LSM) സംവിധാനത്തെയാണ് സുരക്ഷാ വീഴ്ച ബാധിച്ചത്. പരിശോധനകൾക്ക് ഓർഡർ നൽകാനും ഫലങ്ങൾ സ്വീകരിക്കാനും പരിശോധിക്കാനും ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സിന്റെ ചില ഉപഭോക്താക്കൾ ഉപയോഗിക്കുന്ന സംവിധാനമാണിത്.
സുരക്ഷാ വീഴ്ച കണ്ടെത്തിയതോടെ കമ്പനി ഈ സംവിധാനത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളെ സുരക്ഷാ വീഴ്ച ബാധിച്ചിട്ടില്ലെന്നും അവ സാധാരണ നിലയിൽ തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. നേരിട്ട് ബന്ധിപ്പിച്ച ലാബ് ഇൻഫർമേഷൻ സിസ്റ്റം (LIS) ഇന്റർഫേസുകളിലൂടെയോ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ (EMR) വഴിയോ പരിശോധനകൾക്ക് ഓർഡർ നൽകുന്ന ആരോഗ്യപരിചരണ സ്ഥാപനങ്ങൾക്ക് തടസ്സമില്ലാതെ സേവനം തുടരാം. ഈ സംവിധാനങ്ങളെ സുരക്ഷാ വീഴ്ച ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
സേവനങ്ങൾ ഒക്ടോബർ 23നകം പൂർണമായി പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംഭവത്തിൽ ബന്ധപ്പെട്ട നിയമനിർവഹണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ക്വാനം എൽഎസ്എം സംവിധാനത്തിലെ ചില രോഗിവിവരങ്ങൾ അനധികൃതമായി ലഭിച്ചെങ്കിലും മറ്റ് സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഏതെല്ലാം വിവരങ്ങളാണ് ചോർന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
രോഗികളുടെ ആരോഗ്യവിവരങ്ങളും (PHI) വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളും (PII) അനധികൃതമായി ലഭിച്ചതായി കമ്പനി അറിയിച്ചു. ബാധിക്കപ്പെട്ട വിവരങ്ങളുടെ കൃത്യമായ സ്വഭാവം കണ്ടെത്തിയശേഷം നിയമപ്രകാരം ആവശ്യമായ അറിയിപ്പുകൾ നൽകുമെന്നും വ്യക്തമാക്കി. ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സിൽ ഇതിനു മുൻപും രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.
2016ൽ ലാബ് പരിശോധനാഫലങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും ഉൾപ്പെടെ ഏകദേശം 34,000 പേരുടെ വിവരങ്ങൾ ചോർന്നതായി കമ്പനി അറിയിച്ചിരുന്നു. 2019ൽ ബില്ലിങ് സേവനദാതാക്കളായ അമേരിക്കൻ മെഡിക്കൽ കളക്ഷൻ ഏജൻസിക്കെതിരായ മറ്റൊരു സൈബർ ആക്രമണത്തിൽ ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സിലെ ഏകദേശം 11.9 ദശലക്ഷം രോഗികളുടെ വ്യക്തിഗത വിവരങ്ങളും ബാധിക്കപ്പെട്ടിരുന്നു.
Major US medical lab operator, Quest Diagnostics, reports cyber breach exposed patient records














