ഡിആർ കോംഗോയിൽ എബോള വ്യാപനം രൂക്ഷമായതോടെ, നവംബർ 3 മുതൽ അമേരിക്കയിലേക്ക് വിമാനമാർഗം എത്തുന്ന യാത്രക്കാർ കഴിഞ്ഞ 21 ദിവസത്തിനിടെ കോംഗോ സന്ദർശിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തണം. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പേപ്പർ രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ സാക്ഷ്യപത്രം സമർപ്പിക്കേണ്ടിവരും. പുതിയ നിബന്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് സിഡിസി നിർദേശങ്ങൾ നൽകിത്തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.
ഈ വർഷം എബോള വ്യാപനം ആരംഭിച്ചതിനു പിന്നാലെ, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഡിആർ കോംഗോ സന്ദർശിച്ചവർക്ക് അമേരിക്കയിൽ പ്രവേശനം വിലക്കുന്ന നടപടി സിഡിസി മേയിൽ സ്വീകരിച്ചിരുന്നു. ജൂലൈയിൽ അമേരിക്കൻ പൗരന്മാരെയും നിയന്ത്രണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി.ഡിആർ കോംഗോയിൽ ഇതുവരെ 9,000ത്തിലേറെ എബോള കേസുകൾ സ്ഥിരീകരിക്കുകയും 4,000ത്തിലേറെ പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
നൈജീരിയയിലും കെനിയയിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയിൽനിന്നെത്തിയ വ്യക്തിയിലൂടെയാണ് നൈജീരിയയിൽ നിലവിലെ എബോള കേസ് ഉണ്ടായതെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ ഉഗാണ്ടയിലും രോഗവ്യാപനമുണ്ടാകുമോയെന്ന ആശങ്ക ഉയർന്നു. എന്നാൽ, നൈജീരിയൻ നയതന്ത്രജ്ഞന്റെ ഉഗാണ്ടയിൽ ജനിച്ച ഭാര്യയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും അവർ അവിടെ അവധിക്കാലം ചെലവഴിച്ചതുകൊണ്ടുമാത്രം രോഗം ഉഗാണ്ടയിൽനിന്ന് പകർന്നതാണെന്ന് പറയാനാകില്ലെന്നും ഉഗാണ്ട വ്യക്തമാക്കി.
ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടന ഉഗാണ്ടയെ എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡം ഇതുവരെ നേരിട്ടതിനെക്കാൾ സങ്കീർണമായ വ്യാപനസാഹചര്യമാണ് നിലവിലുള്ളതെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടർ മുഹമ്മദ് ജനാബി പറഞ്ഞു.
US to make Ebola attestation mandatory for air travelers entering the country starting Nov. 3: Report














