
ന്യൂയോർക്ക്: ബാങ്ക് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ അക്കൗണ്ടുകളിൽ പ്രവേശിച്ച് ഇടപാടുകൾ നടത്താൻ അനധികൃത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്. സംഭവം പുറത്തുവന്നതോടെ മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രമുഖ യുഎസ് ബാങ്കുകൾ ഇത്തരം അൺവെറ്റഡ് (പരിശോധിച്ചുറപ്പാക്കാത്ത) എഐ ഏജന്റുകളെ തടയാൻ അടിയന്തര നടപടികൾ ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മൂന്നാം കക്ഷി സോഫ്റ്റ്വെയറുകളാണ് എഐ ഏജന്റുകൾ. പലപ്പോഴും ഉപഭോക്താക്കൾ തങ്ങളുടെ ലോഗിൻ ഐഡിയും പാസ്വേഡും ഇത്തരം ഏജന്റുകളുമായി പങ്കുവെക്കാറുണ്ട്. എന്നാൽ, ഉപഭോക്താക്കൾ അറിയാതെ അക്കൗണ്ടുകളിൽ നിന്ന് പണമിടപാടുകൾ നടത്താൻ ഇവ ശ്രമിക്കുന്നതായാണ് ബാങ്കുകളുടെ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. കൃത്യമായ ലോഗിൻ വിവരങ്ങൾ ഉള്ളതിനാൽ ഇവ നിയമപരമായ ഇടപാടുകളായി സിസ്റ്റം കണക്കാക്കാനിടയുള്ളത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ തങ്ങളുടെ സെക്യൂരിറ്റി സിസ്റ്റം കൃത്യസമയത്ത് ഇടപെട്ട് ഇത്തരം ഇടപാടുകൾ തടഞ്ഞതായി ബാങ്കുകൾ വ്യക്തമാക്കുന്നു.
ജെപി മോർഗൻ ചേസ്, ചാൾസ് ശ്വാബ് എന്നീ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും എഐ ഏജന്റുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ക്ലയന്റുകളുടെയും കമ്പനിയുടെയും സുരക്ഷ മുൻനിർത്തി പുറത്തുനിന്നുള്ള ഏജന്റുകളെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ജെപി മോർഗൻ ചേസ് സിഇഒ ജാമി ഡിമോൻ വ്യക്തമാക്കി. സമാനമായി, ഓതന്റിക്കേഷന്റെയും ഉപഭോക്തൃ അനുഭവത്തിന്റെയും നിയന്ത്രണം നിലനിർത്താൻ എഐ ഏജന്റുകളെ തടയുകയാണെന്ന് ചാൾസ് ശ്വാബ് സിഇഒ റിച്ചാർഡ് വൂർസ്റ്ററും അറിയിച്ചു. പ്ലാറ്റ്ഫോമുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കർശനമായ നിരീക്ഷണത്തിലാണ് നിലവിൽ ബാങ്കുകൾ.
AI agents siphoning accounts without customers’ knowledge; major security threat in the US, with American banks taking defensive measures.













