സാമൂഹിക മാധ്യമങ്ങളിൽ പുതിയ ബയോ നൽകി മമത ബാനർജി; മൂന്ന് തവണ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: ഫലം വന്നിട്ടും ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാത്ത മമതാ ബാനർജി പുതിയ രാഷ്ട്രീയ സന്ദേശം നൽകിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ ബയോ മാറ്റി. സാമൂഹിക മാധ്യമങ്ങളിലെ പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് തവണ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എന്നാണ് ചേർത്തിരിക്കുന്നത്. പുതിയ ബയോയിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സ്ഥാപക ചെയർപേഴ്സൺ, പശ്ചിമബംഗാൾ മുഖ്യമന്ത്രി (15, 16, 17-മത് വിധാൻസഭ) എന്നാണ് എഴുതിയിരിക്കുന്നത്.

ഇതുവരെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സ്ഥാപക ചെയർപേഴ്സൺ. ബഹു. പശ്ചിമബംഗാൾ മുഖ്യമന്ത്രി’ എന്നായിരുന്നു മമതയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലെ ബയോ. ശനിയാഴ്‌ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് മമത ബയോ മാറ്റിയത്.

അതേസമയം, താൻ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും ബിജെപിക്ക് ലഭിച്ച ജനവിധി ‘കൊള്ളയുടെ’ ഫലമാണെന്നും ആരോപിച്ച് മമത മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ചിരുന്നു. ഇത് വലിയ പ്രതിസന്ധിയ്ക്കിടയാക്കിയിരുന്നു. മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ മുന്നണിയും ഒപ്പം നിന്നിരുന്നു. തുടർന്ന് ഗവർണർ ഇടപെട്ട് മന്ത്രി സഭപിരിച്ചുവിടുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ മമതയെ ഭവാനിപുരിൽ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തു. 294 സീറ്റിൽ 80 സീറ്റുകൾ മാത്രമായിരുന്നു തൃണമൂൽ കോൺഗ്രസിന് ലഭിച്ചത്. ബിജെപി നൂറ് സീറ്റുകളോളം കൊള്ളയടിക്കപ്പെട്ടുവെന്ന് തോൽവിക്ക് പിന്നാലെ മമത ആരോപണം ഉയർത്തിയിരുന്നു.

Mamata Banerjee gives new bio on social media; three-time West Bengal CM