
കോഴിക്കോട്: സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ പിലാത്തറ റംല മഹലിൽ സി.കെ. സുഹൈലിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് നിർമിച്ചായിരുന്നു പ്രതി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. വിശ്വാസം നേടിയെടുക്കുന്നതിനായി മറ്റ് സ്ത്രീകളുടെ സ്വകാര്യ വിഡിയോകൾ സ്വന്തം ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് പെൺകുട്ടികൾക്ക് അയച്ചുകൊടുക്കും. തുടർന്ന് സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കുകയായിരുന്നു.
പിന്നീട് ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായാണ് പരാതി. വിദേശ വിപിഎൻ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. നല്ലളം സർക്കിൾ ഇൻസ്പെക്ടർ ആർ.സി. ബിജു, സബ് ഇൻസ്പെക്ടർ എ. നിതിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ശന്തനു, അഭിലാഷ്, ധനേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് അറസ്റ്റ് നടത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ ഒൻപതു വരെ റിമാൻഡ് ചെയ്തു.














