ന്യൂയോർക്ക് സിറ്റി പ്ലാനിങ് കമ്മിഷനിലേക്ക് മീനാക്ഷി ശ്രീനിവാസനെ നാമനിർദേശം ചെയ്ത് മംദാനി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പ്ലാനിങ് കമ്മിഷനിലേക്ക് മുതിർന്ന നഗരാസൂത്രണ വിദഗ്ധയും ഭരണരംഗത്തെ പരിചയസമ്പന്നയുമായ മീനാക്ഷി ശ്രീനിവാസനെ മേയർ സൊഹ്‌റാൻ മംദാനി നാമനിർദേശം ചെയ്തു. ഭവനം, ഭൂവിനിയോഗം, സാമ്പത്തിക വികസനം എന്നീ മേഖലകളിലെ നാല് വിദഗ്ധരെക്കൂടി കമ്മിഷനിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. നഗരത്തിലെ അഞ്ച് ബറോകളിലെയും ഭൂവിനിയോഗ അപേക്ഷകൾ, പൊതുജന ഹിയറിങ്ങുകൾ, സോണിങ് ചട്ടങ്ങൾ, മൂലധന നിക്ഷേപങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന 13 അംഗ സ്വതന്ത്ര സമിതിയാണ് ന്യൂയോർക്ക് സിറ്റി പ്ലാനിങ് കമ്മിഷൻ.

പെൻസിൽവാനിയ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ മീനാക്ഷിക്ക് നഗരഭരണരംഗത്ത് ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ അനുഭവപരിചയമുണ്ട്. നഗരത്തിലെ രണ്ട് പ്രധാന ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷയായി മീനാക്ഷി പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും സംരക്ഷണത്തിന് നേതൃത്വം നൽകുന്ന ലാൻഡ്മാർക്സ് പ്രിസർവേഷൻ കമ്മിഷന്റെ അധ്യക്ഷയായിരിക്കെ സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം ഭരണപരമായ പരിഷ്കാരങ്ങളും സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികളും നടപ്പാക്കി.

ഇതിന് മുമ്പ് ബോർഡ് ഓഫ് സ്റ്റാൻഡേഡ്സ് ആൻഡ് അപ്പീൽസിന്റെ (ബിഎസ്എ) അധ്യക്ഷയായിരുന്നു. സോണിങ് ഇളവുകൾക്കുള്ള അപേക്ഷകൾ, ഭരണപരമായ അപ്പീലുകൾ, പ്രത്യേക അനുമതികൾ എന്നിവയുടെ മേൽനോട്ടം വഹിച്ച അവർ, സ്ഥാപനത്തിന്റെ പ്രവർത്തനരീതികളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുകയും പൊതുജനങ്ങൾക്ക് ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്തു. നഗരാസൂത്രണ വകുപ്പിന്റെ മാൻഹട്ടൻ ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

അടുത്തിടെ രണ്ട് നിയമസ്ഥാപനങ്ങളിൽ സീനിയർ അഡ്വൈസറായി പ്രവർത്തിച്ച അവർ വാണിജ്യ, താമസ, സ്ഥാപനപര, മിശ്ര ഉപയോഗ പദ്ധതികളുമായി ബന്ധപ്പെട്ട ഭൂവിനിയോഗ വിഷയങ്ങളിൽ ഉപദേശം നൽകിയിട്ടുമുണ്ട്. കമ്മിഷന്റെ വൈസ് ചെയർമാനായ കെന്നത്ത് നക്കിൾസിനെ വീണ്ടും നാമനിർദേശം ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് ലോ സ്കൂൾ ഡീൻ ആന്റണി ക്രോവെൽ, വൺ വീവറിന്റെ സിഇഒ മാർഗരറ്റ് അനാഡു, യൂണിയൻ സ്ക്വയർ പാർട്ണർഷിപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജൂലി സ്റ്റെയ്ൻ എന്നിവരാണ് മറ്റ് നാമനിർദേശങ്ങൾ.

അഞ്ചുപേരുടെയും നിയമനത്തിന് ന്യൂയോർക്ക് സിറ്റി കൗൺസിലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതേസമയം, ഓപ്പൺ ന്യൂയോർക്ക്, റീജിയണൽ പ്ലാൻ അസോസിയേഷൻ തുടങ്ങിയ പ്രമുഖ പൗരസംഘടനകൾ നാമനിർദേശങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Mamdani Nominates Meenakshi Srinivasan To NYC Planning Commission

More Stories from this section

family-dental
witywide