
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും വൈകാതെ അറസ്റ്റിലാകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്. മുൻ മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വസതി ഉൾപ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന വ്യാപക റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇരുവരും ജയിലിൽ പോകേണ്ടി വരുമെന്ന് തന്നെയാണ് തൻ്റെ വിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഒരു സേവനവും നൽകാതെ വീണ വിജയൻ്റെ ‘എക്സാലോജിക്’ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് മുഖ്യമന്ത്രിക്ക് ലഭിച്ച കൈക്കൂലിപ്പണമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. ഇഡി അന്വേഷണത്തിന് എതിരെ വീണ വിജയൻ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസി സംസ്ഥാനത്ത് കടുത്ത നടപടികളിലേക്ക് കടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ അഴിമതി നടത്തുന്നവർ ഭയക്കണമെന്നും, നിയമത്തിന് മുന്നിൽ നിന്ന് ആർക്കും ഒളിച്ചോടാൻ കഴിയില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി. എന്നാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ നീക്കങ്ങൾ പൂർണ്ണമായും രാഷ്ട്രീയ വേട്ടയാടലാണെന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ നിലപാട്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Masapadi case: Corrupt people should be afraid in Modi’s India, Pinarayi and his daughter will be arrested, says Shone George















