
ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാനിയൻ സൈന്യം നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സൈപ്രസ് പതാകയേന്തിയ ‘ജിഎഫ്എസ് ഗാലക്സി’എന്ന കണ്ടെയ്നർ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യൻ നാവികരിൽ 10 പേരെ ഒമാൻ അധികൃതർ രക്ഷപ്പെടുത്തി. കാണാതായ ഒരു ഇന്ത്യൻ പൗരനായി തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുന്നറിയിപ്പ് വെടിവെപ്പെന്നോണം ഇറാൻ നടത്തിയ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതിനെ തുടർന്ന് ജീവനക്കാർക്ക് കപ്പൽ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. മസ്കറ്റിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി ചേർന്ന് സജീവമായ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്.
കപ്പൽ ആക്രമണത്തിന് മറുപടിയായി യുഎസ് സെൻട്രൽ കമാൻഡ് ഇറാന് നേരെ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, നാവിക താവളങ്ങൾ, വെടിക്കോപ്പ് സംഭരണശാലകൾ ഉൾപ്പെടെ 140 ഓളം സൈനിക ലക്ഷ്യങ്ങളാണ് യുഎസ് തകർത്തത്. ഈ ആഴ്ച മാത്രം മുന്നൂറിലധികം കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിക്കഴിഞ്ഞു. കപ്പൽ അനുമതിയില്ലാത്ത റൂട്ടിലൂടെ സഞ്ചരിച്ചതിനാലാണ് വെടിവെച്ചതെന്നാണ് ഇറാൻ്റെ വാദം. പ്രത്യാക്രമണമുണ്ടായാൽ കടുത്ത ഭാഷയിൽ നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, ഹൊർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ, ഒമാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് ഹൊർമുസ് കടലിടുക്കിലെ തർക്കം ഇപ്പോൾ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
മിഡിൽ ഈസ്റ്റിലെ അന്താരാഷ്ട്ര ജലപാതകളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാൻ ഇരുവിഭാഗവും അടിയന്തരമായി സംഘർഷങ്ങളിൽ നിന്ന് പിന്തിരിയണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ നാവിക ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
Iran attacks ship off Oman coast; 10 Indians rescued, one missing, India shares concern















