
മാഡ്രിഡ്: സ്പെയിനിൻ്റെ ഉത്തരാഫ്രിക്കൻ അതിർത്തി പ്രദേശമായ സെബൂട്ടയിലേക്ക് പൊലീസിനെ വെട്ടിച്ച് ആയിരക്കണക്കിന് കുടിയേറ്റക്കാർ അതിക്രമിച്ചു കടന്നു. വ്യാഴാഴ്ച മണിക്കൂറുകൾക്കുള്ളിൽ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ ആളുകൾ അതിർത്തി കടന്നതായാണ് സ്പാനിഷ് ഔദ്യോഗിക മാധ്യമമായ ടിവിഇ റിപ്പോർട്ട് ചെയ്യുന്നത്. 2021-ലെ വൻ കുടിയേറ്റ പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു കൂട്ടക്കയറ്റം ഉണ്ടാകുന്നത്.
തടയണ വഴി കടൽ മാർഗം നീന്തിയും, അതിർത്തിയിലെ സുരക്ഷാ വേലികൾ തകർത്തുമൊക്കെയുമാണ് കുടിയേറ്റക്കാർ സ്പാനിഷ് മണ്ണിലേക്ക് ഇരച്ചുകയറിയത്. കുടിയേറ്റക്കാരുടെ പെട്ടെന്നുള്ള കടന്നുകയറ്റം തടയാനാകാതെ അതിർത്തിയിലെ സ്പാനിഷ് പൊലീസ് പൂർണ്ണമായും പതറിപ്പോയി. ഇൻഫ്ലേറ്റബിൾ ട്യൂബുകളും താൽക്കാലിക ഫ്ലോട്ടുകളും ഉപയോഗിച്ച് ആളുകൾ കൂട്ടത്തോടെ നീന്തിവരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആഫ്രിക്കൻ ഭൂഖണ്ഡവുമായി അതിർത്തി പങ്കിടുന്ന യൂറോപ്യൻ യൂണിയൻ്റെ ഏക കരപ്രദേശങ്ങളാണ് സ്പെയിനിൻ്റെ അധീനതയിലുള്ള സെബൂട്ടയും മെലീലയും. അതുകൊണ്ടുതന്നെ യൂറോപ്പിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന താവളമാണിത്.
നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അതിർത്തി താൽക്കാലികമായി അടയ്ക്കണമെന്നും സെബൂട്ട പ്രാദേശിക ഭരണകൂട തലവൻ ഹൊവാൻ ഹീസസ് വിവാസ് സ്പെയിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ ഇറക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയില്ലെന്നാണ് സ്പെയിൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
Massive invasion of Moroccan migrants by sea to Spain: 3,000 people storm Cebuta while police watch; State of emergency recommended at border














