
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ നികുതി ചുമത്താൻ ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്ന യുഎസ് ബില്ലിനോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഭീഷണികൾക്ക് മുന്നിൽ ഇന്ത്യയുടെ സാമ്പത്തിക-വ്യാപാര താല്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയ്ക്കും ഇറാനും എതിരെയുള്ള ഉപരോധ ബിൽ (Lindsey O Graham Sanctioning Russia and Iran Act of 2026) യുഎസ് ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.
വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകളും ദൃഢനിശ്ചയവും ഉയർന്ന തലങ്ങളിൽ തന്നെ വിവിധ യുഎസ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുഎസിൻ്റെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ മാത്രമല്ല, ആഗോള ഊർജ്ജ വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായും, വിവിധ സ്രോതസ്സുകളെ ആശ്രയിച്ചും രാജ്യത്തിൻ്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നത് ഇന്ത്യ തുടരും. പുതിയ സാഹചര്യത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ രാജ്യത്തെ വ്യാപാര-വ്യവസായ കൂട്ടായ്മകളുമായി ചേർന്ന് കേന്ദ്രസർക്കാർ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ ചൈന കഴിഞ്ഞാൽ റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിൽ വാണിജ്യപരമായി ലാഭകരമായി തുടരുന്നിടത്തോളം കാലം അത് വാങ്ങുന്നത് തുടരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. റഷ്യയാണ് ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സെങ്കിലും, സമീപ മാസങ്ങളിൽ യുഎസ്, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി വർദ്ധിപ്പിച്ചുകൊണ്ട് സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. യുഎസിലെ തുടർന്നുള്ള നിയമനിർമ്മാണ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ വ്യക്തമാക്കി.
Ministry of External Affairs responds strongly to US threat of sanctions.















