മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ഇനി അയർലൻഡിലെ ‘കോട്ടയിലെ രാജാവ്’; 290 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് 19-ാം നൂറ്റാണ്ടിലെ ഗോഥിക് കൊട്ടാരം

ഡബ്ലിൻ: മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും അയർലൻഡിൽ കൂറ്റൻ ചരിത്ര കോട്ട സ്വന്തമാക്കി. അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ സ്ഥിതി ചെയ്യുന്ന ഗോഥിക് ശൈലിയിലുള്ള ‘സ്ട്രാൻകാലി കോട്ട’ ആണ് ഇവർ വാങ്ങിയത്. ഔദ്യോഗികമായി തുക പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 35 മില്യൺ ഡോളർ (ഏകദേശം 290 കോടിയിലധികം രൂപ) വിലമതിക്കുന്നതാണ് ഈ ഇടപാടെന്നാണ് റിപ്പോർട്ടുകൾ.

മെറ്റായുടെ അന്താരാഷ്ട്ര ആസ്ഥാനം അയർലൻഡിലാണ് പ്രവർത്തിക്കുന്നത്. സക്കർബർഗും കുടുംബവും രാജ്യം സന്ദർശിക്കുമ്പോൾ താമസിക്കാനുള്ള പ്രധാന കേന്ദ്രമായിട്ടായിരിക്കും 440 ഏക്കർ വിസ്തൃതിയുള്ള ഈ എസ്റ്റേറ്റും കൊട്ടാരവും ഉപയോഗിക്കുക. ഈ ചരിത്രപ്രസിദ്ധമായ പൈതൃകസ്വത്ത് സംരക്ഷിക്കുന്നതിലും അയർലൻഡിൽ സമയം ചിലവഴിക്കുന്നതിലും സക്കർബർഗും കുടുംബവും ആവേശഭരിതരാണെന്ന് മെറ്റാ വക്താവ് അറിയിച്ചു.

കൺസർവേറ്റീവ് പാർട്ടി മുൻ എംപിയായ ജോൺ കെയ്‌ലിക്ക് വേണ്ടി 1830-ലാണ് ഈ കൊട്ടാരം നിർമ്മിച്ചത്. പ്രശസ്ത ആർക്കിടെക്റ്റുകളായ ജെയിംസ്, ജോർജ്ജ് റിച്ചാർഡ് പെയ്ൻ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്. കൊട്ടാരത്തിൻ്റെ ഡൈനിംഗ് റൂമിൽ നിന്ന് അടുക്കളയിലേക്ക് നടക്കാൻ മാത്രം മിനിറ്റുകൾ എടുക്കുമെന്നത് ഇതിൻ്റെ വലുപ്പത്തിന് തെളിവാണ്. മണൽക്കല്ലിലും ചുണ്ണാമ്പുകല്ലിലും തീർത്ത അതിമനോഹരമായ കല്ല് കൊത്തുപണികൾ ഈ കോട്ടയുടെ പ്രധാന ആകർഷണമാണ്.

2000-ത്തിൻ്റെ തുടക്കത്തിൽ നിക്ഷേപ സ്ഥാപനമായ ആർ.എ.ബി കാപ്പിറ്റലിൻ്റെ സഹസ്ഥാപകൻ മൈക്കൽ അലൻ-ബക്ലിയും ഭാര്യയുമാണ് ഇത് വാങ്ങി നവീകരിച്ചത്. സക്കർബർഗ് കൊട്ടാരം ഏറ്റെടുത്തതിൽ ഇവർ സന്തോഷം പ്രകടിപ്പിച്ചു. കോടീശ്വരന്മാരായ വ്യവസായികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ബ്ലാക്ക്‌വാട്ടർ വാലിയിലാണ് ഈ കോട്ടയുള്ളത്. പ്രശസ്ത വ്യവസായി ജെയിംസ് ഡൈസൺ, സ്ട്രൈപ്പ് സഹസ്ഥാപകൻ ജോൺ കോളിസൺ എന്നിവർക്കും ഈ പ്രദേശത്ത് സ്വന്തമായി എസ്റ്റേറ്റുകളുണ്ട്.

Meta boss Mark Zuckerberg is now the ‘King of the Castle’ in Ireland; he acquired a 19th century Gothic palace for Rs 290 crore

More Stories from this section

family-dental
witywide