
കുടുംബാംഗങ്ങൾ ‘Lake America’ എന്ന് രേഖപ്പെടുത്തിയ സ്വെറ്റ്ഷർട്ടുകൾ ധരിച്ചിരിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനെ തുടർന്ന് മിഷിഗണിലെ ക്രെഡിറ്റ് യൂണിയൻ സിഇഒ ജെയ്ൻ സ്മിത്തിന് ജോലി നഷ്ടമായി. ഡൊണാൾഡ് ട്രംപിന്റെ നിർദേശവുമായി ബന്ധപ്പെട്ടതാണ് ‘Lake America’ എന്ന പേര്. സാഗിനോ ആസ്ഥാനമായ ഫാമിലി ഫസ്റ്റ് ക്രെഡിറ്റ് യൂണിയനാണ് സ്മിത്തിന്റെ സേവനം അവസാനിപ്പിച്ചത്.
സംഭവത്തെ തുടർന്ന് അംഗങ്ങൾക്കും സമൂഹത്തിനുമുണ്ടായ ആശങ്കയിലും നിരാശയിലും വേദനയിലും ഖേദിക്കുന്നതായി സ്ഥാപനം അറിയിച്ചു. കാനഡയിലെ ഹാലിഫാക്സിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഡെട്രോയിറ്റ് വിമാനത്താവളത്തിൽ കുടുംബത്തോടൊപ്പം എടുത്ത ചിത്രമാണ് സ്മിത്ത് എഐ ഉപയോഗിച്ച് മാറ്റിയത്. സ്വെറ്റ്ഷർട്ടുകളിൽ ‘Lake America’ എന്നെഴുതി ചിത്രം സെപ്റ്റംബർ 11ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
“ഞങ്ങളുടെ സ്വെറ്റ്ഷർട്ടുകൾ ഇഷ്ടമായോ? കാനഡയ്ക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല” എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. ‘Lol lol’ എന്നും ചേർത്തിരുന്നു. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ കാനഡയിൽനിന്ന് വലിയ വിമർശനമാണ് ഉയർന്നത്. പ്രത്യേകിച്ച് ഹാലിഫാക്സിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി പേർ ചിത്രം അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി. പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു.
വിവാദം ശക്തമായതോടെ ക്രെഡിറ്റ് യൂണിയൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിന്നാലെ സ്മിത്ത് മാപ്പുപറഞ്ഞു. രാഷ്ട്രീയ പ്രസ്താവന നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഗ്രേറ്റ് ലേക്ക്സിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് തമാശ പറയുക മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു. ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തിൽ ഖേദിക്കുന്നതായും സ്മിത്ത് വ്യക്തമാക്കി. എന്നാൽ മാപ്പ് പറഞ്ഞിട്ടും സ്മിത്തിനെ ജോലിയിൽനിന്ന് നീക്കാൻ ക്രെഡിറ്റ് യൂണിയൻ തീരുമാനിക്കുകയായിരുന്നു.
“ജെയ്ൻ സ്മിത്ത് ഇനി ഫാമിലി ഫസ്റ്റ് ക്രെഡിറ്റ് യൂണിയനിൽ ജീവനക്കാരിയല്ല. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും,” സ്ഥാപനം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സ്മിത്തിന് പകരം ജേസൺ അക്കോസ്റ്റ താൽക്കാലികമായി ചുമതലയേൽക്കും. അംഗങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും സമൂഹത്തിന് പ്രഥമ പരിഗണന നൽകുകയും ചെയ്യുക എന്നതാണ് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമെന്നും ക്രെഡിറ്റ് യൂണിയൻ വ്യക്തമാക്കി.
Michigan CEO loses job over family’s AI photo in ‘Lake America’ sweatshirts










