ആലീസ് ഹുവാങ് ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവില്ല; ജെൻസെൻ ഹുവാങ്ങുമായുള്ളത് വ്യക്തിപരമായ ബന്ധം മാത്രം: റിപ്പോർട്ട്

വാഷിങ്ടൺ: എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്ങുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ് ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചതിന് തെളിവുകളില്ലെന്ന് യുഎസ് മാധ്യമ റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് വ്യക്തിപരമായ ബന്ധം മാത്രമായിരുന്നെന്നും ഇതിന് ചൈനീസ് ചാരസംഘടനകളുമായി ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

ജെൻസെൻ ഹുവാങ്ങുമായുള്ള ബന്ധത്തിനിടെ അദ്ദേഹത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ചൈനയുടെ രഹസ്യാന്വേഷണ ഏജൻസിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്) ആലീസ് ഹുവാങ്ങിനെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എഫ്ബിഐ, സിഐഎ, ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ യുഎസ് കോൺഗ്രസിലെ ഹൗസ്, സെനറ്റ് ഇന്റലിജൻസ് കമ്മിറ്റികളെ ഇക്കാര്യം അറിയിച്ചതായാണ് വിവരം.

എന്നാൽ ആലീസ് ചൈനീസ് ഏജൻസിക്ക് രഹസ്യസ്വഭാവമുള്ളതോ നിർണായകമായതോ ആയ വിവരങ്ങൾ കൈമാറിയതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ആലീസ് ഹുവാങ്ങിന്റെ മുൻ ഭർത്താവ് കാങ് വെയ് ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയായ എംഎസ്എസിന്റെ ഏജന്റായിരുന്നുവെന്നും ചൈനീസ് ഇന്റലിജൻസ് വിഭാഗവുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ യുഎസ് നിയന്ത്രണത്തിലുള്ള ചൈനീസ് കമ്പനികൾക്ക് ലഭിച്ചതിൽ ആലീസിന് പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തമായ നിഗമനത്തിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ അത് ചാരപ്രവൃത്തിയായി കണക്കാക്കണമെന്നാണ് ചില യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ചൈനീസ് വ്യവസായികൾക്ക് സ്വന്തം രാജ്യത്തെ ദേശീയ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെടേണ്ടിവരുന്നത് അസാധാരണമല്ലെന്നും അതുകൊണ്ടുമാത്രം ആലീസിന്റെ ബന്ധം സംശയാസ്പദമായി കാണാനാകില്ലെന്നും മറ്റൊരു വിഭാഗം ഉദ്യോഗസ്ഥർ വാദിക്കുന്നു.

ജെൻസെൻ ഹുവാങ് എൻവിഡിയ സിഇഒ, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽ തുടരുമ്പോഴും ആലീസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ല. എൻവിഡിയയും വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്.

More Stories from this section

family-dental
witywide