അമേരിക്കയിലെ സ്കൂൾ വെടിവയ്പ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ഒറിഗണിൽ വെടിയുതിർത്തത് 16 കാരൻ, അക്രമിയെ വകവരുത്തി നാട്ടുകാരൻ

വാഷിംഗ്ടൺ: അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്ത് പ്രൈമറി സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെൻഡ് നഗരത്തിലെ സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. 16 വയസ്സുകാരനായ പ്രാദേശിക കൗമാരക്കാരനാണ് വെടിയുതിർത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു നാട്ടുകാരൻ പിന്തുടർന്ന് വെടിവെച്ചുകൊല്ലുകയായിരുന്നു.

കൊല്ലപ്പെട്ട കുട്ടികൾക്ക് അഞ്ച്, എട്ട്, പതിനൊന്ന് എന്നിങ്ങനെയാണ് പ്രായം. വെടിയേറ്റ ഏഴ് വയസ്സുള്ള മറ്റൊരു കുട്ടിയും 54 വയസ്സുള്ള അധ്യാപകനും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്കൂളിന് പുറത്ത് നിർത്തിയിട്ടിരുന്ന ഒരു ട്രക്കിന് നേരെ ലോംഗ് ഗൺ ഉപയോഗിച്ച് അക്രമി വെടിയുതിർത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് സ്കൂളിലേക്ക് ഓടിക്കയറിയ 16 കാരൻ, പൂട്ടിയിട്ടിരുന്ന പ്രധാന വാതിലുകളുടെ പൂട്ടുകൾ വെടിവെച്ച് തകർത്താണ് ഉള്ളിലേക്ക് അതിക്രമിച്ചു കയറിയത്.

വലിയൊരു ദുരന്തം ഒഴിവായത് വെടിവെയ്പ്പ് ആരംഭിച്ചയുടൻ അക്രമിയെ പിന്തുടർന്ന് സ്കൂളിലേക്ക് കയറിയ ഒരു നാട്ടുകാരന്റെ ധീരമായ ഇടപെടൽ മൂലമാണ്. ഇയാൾ അക്രമിയെ നേരിടുകയും വെടിവെച്ചുവീഴ്ത്തുകയുമായിരുന്നു. വിവരമറിഞ്ഞ് മൂന്ന് മിനിറ്റുകൾക്കകം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി കൊല്ലപ്പെട്ടിരുന്നു.

അക്രമിക്ക് ഈ സ്കൂളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബെൻഡ് പൊലീസ് ചീഫ് മൈക്ക് ക്രാന്റ്സ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെയോ അക്രമിയുടെയോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഏകദേശം 450 കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് ഈ ദാരുണ സംഭവം നടന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബെൻഡ് നഗരത്തിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കെ-12 സ്കൂൾ ഷൂട്ടിംഗ് ഡാറ്റാബേസ് കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അമേരിക്കൻ സ്കൂളുകളിൽ 235 വെടിവെയ്പ്പുകൾ നടന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ 140-ലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

More details emerge regarding the school shooting in America; a 16-year-old opened fire in Oregon, and a local resident neutralized the attacker.

More Stories from this section

family-dental
witywide