ഇറാൻ സംഘർഷം നാളെ അവസാനിച്ചാൽ പോലും ലോകത്ത് മൂന്ന് കോടിയിലധികം പേർ ദാരിദ്ര്യത്തിലേക്ക് വീഴും; കടുത്ത മുന്നറിയിപ്പുമായി യുഎൻ

ജനീവ: ഇറാൻ യുദ്ധം നാളെ അവസാനിച്ചാൽ പോലും ലോകമെമ്പാടുമുള്ള മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ ആഗോള ആഭ്യന്തര ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാക്കിയതായും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണെന്നും യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രതിനിധി അലക്സാണ്ടർ ഡി ക്രൂ വ്യക്തമാക്കി. യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും വരും മാസങ്ങളിൽ ലോകത്തെ ശ്വാസം മുട്ടിക്കുമെന്നാണ് വിലയിരുത്തൽ.ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത്. പ്രവാസികൾ കുടുംബങ്ങളിലേക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാന മാർഗ്ഗം അടഞ്ഞു.

പ്രതിവർഷം നൂറ് ബില്യൺ ഡോളറിലധികം വിദേശപ്പണം എത്തിയിരുന്ന ഈ മേഖലയിൽ യുദ്ധം വലിയ വിള്ളലുണ്ടാക്കി. ഇതിനുപുറമെ, ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണ വിതരണം മാത്രമല്ല, ആഗോള കൃഷിക്കാവശ്യമായ വളത്തിന്റെ ലഭ്യതയും നിലച്ചിരിക്കുകയാണ്.നിലവിൽ കൃഷി ഇറക്കേണ്ട സമയമാണെന്നും എന്നാൽ വളത്തിന്‍റെ ലഭ്യതക്കുറവ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വിളവെടുപ്പിനെ സാരമായി ബാധിക്കുമെന്നും ഡി ക്രൂ ചൂണ്ടിക്കാട്ടി. ഇത് ലോകത്ത് മുൻപെങ്ങുമില്ലാത്ത വിധം ഭക്ഷ്യക്ഷാമത്തിന് കാരണമാകും.

യുദ്ധം ഉടൻ അവസാനിച്ചാലും അതിന്റെ ആഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നും പാവപ്പെട്ട രാജ്യങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെ ഇത് പതിറ്റാണ്ടുകൾ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വരും മാസങ്ങളിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അതിന്റെ പരകോടിയിലെത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ.

More Stories from this section

family-dental
witywide