
ന്യൂയോർക്ക്: സ്വന്തം കുഞ്ഞുങ്ങളെ കടൽവെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മയ്ക്ക് 20 വർഷം തടവുശിക്ഷ വിധിച്ചു. ബ്രൂക്ലിൻ സ്വദേശിയായ എറിൻ മെർഡിക്ക് (34) എന്ന യുവതിയെയാണ് ന്യൂയോർക്കിലെ ബ്രൂക്ലിൻ സുപ്രീം കോടതി ശിക്ഷിച്ചത്. ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പ്രതി, വിചാരണ വേളയിൽ കുറ്റം സമ്മതിച്ചിരുന്നു.
2022 സെപ്റ്റംബറിലാണ് അമേരിക്കയെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഏഴ് വയസുകാരൻ സക്കറിയ, നാല് വയസുകാരി ലിലിയാന, മൂന്ന് മാസം മാത്രം പ്രായമുള്ള ഒലിവർ എന്നീ മൂന്ന് മക്കളെയും പ്രതി അർദ്ധരാത്രിക്ക് ശേഷം പ്രശസ്തമായ കോണി ഐലൻഡ് ബീച്ചിലെത്തിച്ച് വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.
കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബീച്ചിൽ നിന്നും രണ്ട് മൈൽ അകലെ നഗ്നപാദയായി നനഞ്ഞ വസ്ത്രങ്ങളോടെ പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രസവാനന്തര വിഷാദരോഗവും കടുത്ത മാനസിക സമ്മർദ്ദങ്ങളുമാണ് യുവതിയെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ കോടതിയിൽ വ്യക്തമാക്കിയിരുന്നു.














