
വാഷിംഗ്ടൺ: കഴിഞ്ഞ 30 വർഷമായി യുഎഫ്ഒ, യുഎപി എന്നിവയെക്കുറിച്ച് പഠിക്കുന്ന പെൻ്റഗൺ കൺസൾട്ടന്റും ആസ്ട്രോഫിസിസിസ്റ്റുമായ ഡോ. എറിക് ഡേവിസിന്റെ വെളിപ്പെടുത്തൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കൻ സർക്കാരിൻ്റെ കൈവശം നാല് വ്യത്യസ്ത അന്യഗ്രഹ ജീവികളുടെ (Alien species) ശരീരങ്ങൾ വീണ്ടെടുത്തതിൻ്റെ രഹസ്യ രേഖകളും ചിത്രങ്ങളുമുണ്ടെന്നാണ് ഡോ. എറിക് ഡേവിസിൻ്റെ അവകാശവാദം. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
തകർന്നു വീണ അജ്ഞാത പേടകങ്ങളിൽ (UFO) നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും ഇവ നിലവിൽ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഈ രേഖകളും ചിത്രങ്ങളും നേരിട്ട് കണ്ടിട്ടുണ്ടെന്നും ഡേവിസ് അവകാശപ്പെട്ടു. താൻ പരിശോധിച്ച രേഖകൾ പ്രകാരം നാല് വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട അന്യഗ്രഹ ജീവികളെക്കുറിച്ച് വിവരമുണ്ടെന്ന് ഡേവിസ് പറയുന്നു:
- ഗ്രേസ്: സിനിമകളിൽ കാണാറുള്ളതുപോലെ ചെറിയ ശരീരവും, ചാരനിറത്തിലുള്ള ചർമ്മവും, വലിയ തലയും കറുത്ത കണ്ണുകളുമുള്ള ജീവികൾ.
- നോർഡിക്സ്: സ്കാൻഡിനേവിയൻ മനുഷ്യരെപ്പോലെ നീളമുള്ളതും, സ്വർണ്ണനിറമുള്ള മുടിയുള്ളതുമായ, മനുഷ്യരുമായി ഏറ്റവും സാദൃശ്യമുള്ള ജീവികൾ.
- ഇൻസെക്റ്റോയ്ഡ്സ്: മനുഷ്യന്റെ വലിപ്പമുള്ള ‘പ്രേയിംഗ് മാന്റിസ്’ (പച്ചക്കുതിര) പ്രാണികളെപ്പോലെ തോന്നിക്കുന്നവ.
- റെപ്റ്റിലിയൻസ്: പല്ലികളെയോ മറ്റ് ഉരഗങ്ങളെയോ പോലെ തോന്നിക്കുന്ന രൂപമുള്ളവ.
കണ്ടെത്തിയവയിൽ ഭൂരിഭാഗവും മരിച്ച നിലയിലായിരുന്നുവെന്നും ജീവനുള്ളവയെ പിടികൂടിയതായി തനിക്ക് നേരിട്ട് അറിവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻ യുഎസ് ഇൻ്റലിജൻസ് ഓഫീസറായ ഡേവിഡ് ഗ്രുഷ് നേരത്തെ പാർലമെൻ്റിൽ നടത്തിയ വെളിപ്പെടുത്തലുകളെ ശരിവെക്കുന്നതാണ് ഡേവിസിൻ്റെ ഈ പുതിയ പ്രസ്താവനകൾ.
ട്രംപിനോട് സഹായം അഭ്യർത്ഥിച്ച് ശാസ്ത്രജ്ഞൻ
ഈ രഹസ്യങ്ങൾ പുറത്തുവിടുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തനിക്ക് നിയമപരമായ പരിരക്ഷ നൽകണമെന്ന് ഡോ. ഡേവിസ് അഭ്യർത്ഥിച്ചു. നിലവിലെ നോൺ-ഡിസ്ക്ലോഷർ കരാറുകൾ കാരണം പല കാര്യങ്ങളും പരസ്യമാക്കാൻ സാധിക്കുന്നില്ലെന്നും, പ്രസിഡൻ്റ് ഒപ്പിട്ടാൽ വിസിൽബ്ലോവർമാർക്ക് സുരക്ഷിതമായി സത്യം പുറത്തുപറയാൻ കഴിയുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഈ വിവരങ്ങൾ അടങ്ങിയ ഫയലുകൾ 50 മുതൽ 75 വർഷം വരെ രഹസ്യമായി സൂക്ഷിക്കാൻ സാധ്യതയുള്ളതിനാൽ വിവരാവകാശ നിയമപ്രകാരം ഇവ ലഭ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഔദ്യോഗിക സ്ഥിരീകരണമില്ല
അതേസമയം, ഡോ. ഡേവിസിൻ്റെ അവകാശവാദങ്ങൾ പിന്തുണച്ച് മുൻ സിഐഎ ശാസ്ത്രജ്ഞൻ ഡോ. ഹാൽ പുതോഫ് രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സർക്കാരിൻ്റെ പക്കൽ പത്തോളം അന്യഗ്രഹ പേടകങ്ങൾ ഉണ്ടെന്നാണ് അദ്ദേഹത്തിൻ്റെ വാദം. എന്നാൽ, അമേരിക്കൻ സർക്കാരോ പെൻ്റഗണോ ഈ അവകാശവാദങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിച്ചതിനോ അവരുടെ പേടകങ്ങൾ കണ്ടെടുത്തതിനോ നിലവിൽ തെളിവുകളൊന്നുമില്ലെന്നാണ് യുഎസ് മിലിട്ടറിയുടെ ഔദ്യോഗിക വിശദീകരണം.
‘America has 4 types of alien bodies’; UFO scientist’s revelation shocks the world!















