മുഖ്യമന്ത്രിയെ വിശ്വസിച്ച് മുനമ്പം സമരസമിതി; വഖഫ് ബോർഡ് തന്നെ പിരിച്ചുവിടണമെന്നാവശ്യം, വി ഡി സതീശനെ കാണാൻ നേതാക്കൾ തലസ്ഥാനത്തേക്ക്

കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്ഥാനത്തിന്റെ മതേതര സ്വഭാവത്തെ ബാധിക്കുന്ന നിലപാടാണ് വഖഫ് ബോർഡ് സ്വീകരിച്ചതെന്നും അതിനാൽ ബോർഡ് അടിയന്തരമായി പിരിച്ചുവിടണമെന്നും മുനമ്പം സമരസമിതി ആവശ്യപ്പെട്ടു. എറണാകുളം ഡി.സി.സി പ്രസിഡന്റും എംഎൽഎയുമായ മുഹമ്മദ് ഷിയാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരസമിതി ഇക്കാര്യം ഉന്നയിച്ചത്.

മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം എല്ലാ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനിടെയാണ് ഈ നടപടിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമായ നടപടിയാണെന്ന് മുഹമ്മദ് ഷിയാസുമായുള്ള ചർച്ചയിൽ സമരസമിതി നേതാക്കൾ ആരോപിച്ചു.

സുപ്രീംകോടതി പോലും മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും, നാട്ടുകാർ കരമടച്ച് കൈവശം വച്ചിരിക്കുന്ന ഭൂമിയെ ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്താനാകില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പഠനം നടത്തി മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആദ്യമായി വ്യക്തമാക്കിയത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനാണെന്നും അവർ പറഞ്ഞു. സതീശൻ മുഖ്യമന്ത്രിയായതോടെ പ്രശ്നപരിഹാരത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും, അതിനിടെയാണ് വഖഫ് ബോർഡിന്റെ ഈ നടപടിയെന്നും സമരസമിതി വിമർശിച്ചു.

മുഖ്യമന്ത്രി തന്റെ നിലപാട് മാറ്റിയിട്ടില്ലെന്നും ജൂൺ അവസാനത്തോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. ഇതിനായി ഈ ആഴ്ച തന്നെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സമയം തേടിയതായും അവർ അറിയിച്ചു.

വഖഫ് ബോർഡിന്റെ നടപടിക്ക് നിയമസാധുതയില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സാങ്കേതികവും നിയമപരവുമായ കാര്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം നിവാസികൾക്ക് ഭൂമിയിൽ പൂർണ അവകാശം ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലയ്ക്കൽ, കൺവീനർ ജോസഫ് ബെന്നി കുറുപ്പുശ്ശേരി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide