വഖഫ് ബോർഡ് പുനഃസംഘടനയിൽ സമവായം, കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ, എ.പി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകും; പ്രതിഷേധ മാർച്ച് പിൻവലിച്ചു

വഖഫ് ബോർഡ് പുനഃസംഘടനയിൽ എ.പി സുന്നി വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ. ബോർഡിൽ നിലവിലുള്ള അംഗത്തെ രാജിവെപ്പിച്ച് എ.പി വിഭാഗം പ്രതിനിധിയെ ഉൾപ്പെടുത്താൻ തീരുമാനമായി. ഇതിന് പകരമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എ.പി വിഭാഗം ഒഴിയുകയും ചെയ്യും. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായ പശ്ചാത്തലത്തിൽ കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ പൂർണ്ണമായി അവഗണിക്കപ്പെട്ടതോടെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ.പി സുന്നി വിഭാഗം കടുത്ത അമർഷത്തിലായിരുന്നു. തുടർന്ന് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ കാന്തപുരവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും പ്രശ്നപരിഹാരത്തിന് ഉറപ്പുനൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മുസ്ലീം ലീഗ് നേതൃത്വവുമായി ചർച്ച നടത്തി പുതിയ സമവായ ഫോർമുല രൂപീകരിച്ചത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയാണ് ചർച്ചകളിൽ പ്രധാന പങ്കുവഹിച്ചത്.

നിലവിലെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ രാജിവെപ്പിച്ച് പകരം എ.പി സുന്നി വിഭാഗത്തിന്റെ നോമിനിയെ ബോർഡിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടില്ലെന്ന നിലപാടിൽ കാന്തപുരം ഉറച്ചുനിന്നതോടെയാണ് ബോർഡ് അംഗത്വം തന്നെ നൽകാൻ തീരുമാനമായത്. ബോർഡ് അംഗത്വത്തിന് പുറമെ ന്യൂനപക്ഷ കമ്മീഷൻ പദവിയോ മദ്രസ ക്ഷേമനിധി ബോർഡോ നൽകണമെന്നും എ.പി വിഭാഗം ആവശ്യപ്പെടുന്നുണ്ട്. സമവായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബോർഡ് അധ്യക്ഷൻ എം.സി മായിൻ ഹാജി വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇ.കെ സുന്നി വിഭാഗത്തിലെ ലീഗ് വിരുദ്ധ ചേരിക്ക് ലഭിച്ചിരുന്ന പരിഗണന ഇത്തവണ നൽകേണ്ടതില്ലെന്ന ലീഗിന്റെ കടുത്ത നിലപാട് കോൺഗ്രസിനും അംഗീകരിക്കേണ്ടി വന്നു. അതേസമയം, വഖഫ് സ്ഥാപനങ്ങളുമായി കാര്യമായ ബന്ധമില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ബോർഡിൽ പ്രാതിനിധ്യം നൽകിയതിൽ ലീഗിനുള്ളിൽ ചർച്ചകൾ സജീവമാണ്. പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വഖഫ് ബോർഡ് പുനഃസംഘടന ഉടൻ പൂർത്തിയാകും.

Waqf Board Reconstitution: Govt Yields to Kanthapuram’s Demands; AP Sunni Faction to Get Board Membership

More Stories from this section

family-dental
witywide