
വഖഫ് നിയമ ഭേദഗതി വിഷയത്തിലും യു.ഡി.എഫിന്റെ നിലപാടുകൾക്കെതിരെയും രൂക്ഷവിമർശനവുമായി സി.പി.ഐ.എം. സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുൻപ് കേന്ദ്രത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായി നിലകൊണ്ടിരുന്ന കേരളം ഇന്ന് പല കാര്യങ്ങളിലും അടിമപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ സർക്കാർ അധികാരമേറ്റത് തന്നെ വന്ദേമാതരം പൂർണ്ണമായി പാടിക്കൊണ്ടാണെന്നും, സർക്കാരിന്റെ ആർ.എസ്.എസ്. അജണ്ടയ്ക്കുള്ള കീഴടങ്ങൽ അവിടെത്തന്നെ തുടങ്ങിയതായും അദ്ദേഹം ആരോപിച്ചു. വന്ദേമാതര വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും, ഭരിക്കുന്ന സംസ്ഥാനങ്ങളിലും പാർട്ടി ആസ്ഥാനത്തും അത് പൂർണ്ണമായി പാടി അവർ ആർ.എസ്.എസ്. നയങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
രാജ്യത്തെ ഏതെങ്കിലും ഒരു മുസ്ലിം സ്ഥാപനത്തിൽ അമുസ്ലിങ്ങൾ വേണമെന്ന വിചിത്രമായ തോന്നലാണ് കേന്ദ്രസർക്കാരിന് ഉണ്ടാകുന്നതെന്നും ഇത് പച്ചയായ വർഗീയതയാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിനായി ഒരു ബിൽ കൊണ്ടുവരികയാണെന്നും ഇന്ന് മുസ്ലിം വിഭാഗത്തിനെതിരെ ആണെങ്കിൽ നാളെ ഇത് മറ്റ് മതവിഭാഗങ്ങൾക്ക് നേരെയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്തിനാണ് മതസ്ഥാപനങ്ങളിൽ സർക്കാർ കൈകടത്തുന്നതെന്ന് ചോദിച്ച പിണറായി വിജയൻ, ആർ.എസ്.എസ്. അജണ്ടയിലെ നയങ്ങൾ എങ്ങനെയാണ് സർക്കാരിന് ഏറ്റെടുക്കാൻ കഴിയുന്നതെന്നും വിമർശിച്ചു. വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗ് മന്ത്രി ആരുടെ മുന്നിലാണ് കീഴടങ്ങിയതെന്നും എല്ലാ കാര്യത്തിലും അറിവുള്ള മന്ത്രി എന്തുകൊണ്ടാണ് ഇതിനെ എതിർക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
സി.പി.ഐ.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വഖഫ് നിയമവും യു.ഡി.എഫ്. കീഴടങ്ങലും’ എന്ന പ്രമേയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സർക്കാരിന്റെയും യു.ഡി.എഫിന്റെയും നിലപാടുകൾക്കെതിരെ സംഘടിപ്പിച്ച ഈ പരിപാടിയിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കവും പ്രതിനിധിയായി പങ്കെടുത്തു. വഖഫ് വിഷയത്തിൽ യു.ഡി.എഫ് കൈക്കൊള്ളുന്ന നിലപാടുകളിലെ വൈരുദ്ധ്യങ്ങളും ആർ.എസ്.എസ് അജണ്ടയോടുള്ള കീഴടങ്ങലും ജനങ്ങളിലെത്തിക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്.
Waqf Act and UDF Surrender: Pinarayi Vijayan Inaugurates CPM Seminar in Malappuram











