വഖഫ് ബോർഡ് പുനഃസംഘടനക്ക് ഇടക്കാല സ്റ്റേയില്ല; സർക്കാരിനും ബോർഡിനും നോട്ടീസയച്ച് ഹൈക്കോടതി

വഖഫ് ബോർഡ് പുനഃസംഘടന ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇടക്കാല സ്റ്റേ നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. കാലാവധി തീരുംമുമ്പ് ബോർഡ് പിരിച്ചുവിട്ടതും രണ്ട് അംഗങ്ങളെ ഒഴിവാക്കി പുനഃസംഘടിപ്പിച്ചതും ചോദ്യം ചെയ്ത് മുൻ അംഗങ്ങൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. പുതിയ ബോർഡ് നിലവിൽ വന്ന കാര്യം ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ സർക്കാരിനും വഖഫ് ബോർഡിനും നോട്ടീസ് അയച്ചു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയമായതിനാൽ പുതിയ ബോർഡിൽ ഇനി ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സർക്കാർ. എ.പി. സമസ്തയ്ക്ക് പ്രാതിനിധ്യം നൽകാത്തത് വിവാദമായതിനെത്തുടർന്ന് സമവായ ഫോർമുല പ്രകാരം ഒരംഗം രാജിവെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതും വൈകും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് രാജി സന്നദ്ധത അറിയിച്ചിരുന്നത്. എന്നാൽ എ.പി. സമസ്ത തങ്ങളുടെ പ്രതിനിധിയെ ഔദ്യോഗികമായി തീരുമാനിച്ച ശേഷമേ രാജി ഉണ്ടാകൂ.

പണ്ഡിതന്റെ ക്വാട്ടയിൽ നിയമിക്കപ്പെട്ട തൊടിയൂർ മൗലവിക്ക് പകരം പണ്ഡിതനും അഭിഭാഷകനുമായ ഒരാളെ നിർദേശിക്കാനാണ് എ.പി. വിഭാഗത്തിന്റെ നീക്കം. എന്നാൽ കേസ് കോടതിയിലുള്ളപ്പോൾ പെട്ടെന്നൊരു രാജിയും ഒഴിവും വരുന്നത് പുനഃസംഘടനയെ ബാധിച്ചേക്കാമെന്നതിനാൽ കരുതലോടെ നീങ്ങാനാണ് സർക്കാരിന്റെയും വഖഫ് ബോർഡിന്റെയും തീരുമാനം. അതേസമയം, ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ച് വഖഫ് ബോർഡിലേക്ക് വരാനുള്ള സമവായ ഫോർമുലയ്ക്ക് പകരം, കാലാവധി കുറവായതിനാൽ വച്ചുമാറൽ ഒഴിവാക്കിക്കൂടെ എന്ന് ചിന്തിക്കുന്നവരും എ.പി. വിഭാഗത്തിലുണ്ട്.

Waqf Board Reconstitution High Court Refuses Interim Stay Issues Notice to Govt and Board

More Stories from this section

family-dental
witywide