
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ദുരൂഹതയേറുന്നു. ഇത് ഭീകരാക്രമണ ശ്രമമാണോ എന്ന കാര്യമാണ് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്. ഒമാൻ പൗരനായ കോ-പൈലറ്റ് യു.എ.ഇ പൗരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇസ്രയേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. കടുത്ത അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
ക്യാപ്റ്റന് കുത്തേറ്റതിനെ തുടർന്ന് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ കോക്പിറ്റിൽ ഇടപെടുകയും ദുരന്തം ഒഴിവാക്കി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് കോ-പൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യാത്രക്കാരുടെ വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ടതിന്റെയും, വിമാനം പെട്ടെന്ന് താഴേക്ക് പതിപ്പിച്ചതിനെ തുടർന്ന് വിമാനത്തിന്റെ പിൻചിറകുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് ശേഷം സൗദിയിൽ സുരക്ഷിതമായി ഇറങ്ങിയ വിമാനത്തിനുള്ളിൽ യാത്രക്കാർ കൈയടിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു. യാത്രക്കാരെല്ലാം പൂർണമായും സുരക്ഷിതരാണെന്ന് ഫ്‌ളൈ ദുബായ് അധികൃതർ സ്ഥിരീകരിച്ചെങ്കിലും കോക്പിറ്റിലെ അക്രമത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കമ്പനി തയാറായിട്ടില്ല.
Mystery Deepens Over Cockpit Scuffle: Passenger Pilots Help Avert Disaster on Flydubai Flight












