ട്രംപിൻ്റെ മനം മാറ്റത്തിൽ നെതന്യാഹു ഹാപ്പി!സൗദി ആണവ കരാറിൽ പുതിയ ഉപാധി; സ്വാഗതം ചെയ്ത് ഇസ്രയേൽ; ചരിത്രപരമായ നീക്കമെന്ന് വിശേഷണം

ടെൽ അവീവ്: സൗദി അറേബ്യയുമായുള്ള ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച പുതിയ നിബന്ധനയെ സ്വാഗതം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരാർ പൂർണ്ണമാകണമെങ്കിൽ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ പങ്കാളികളാകുന്നത് പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളിൽ ചരിത്രപരമായ ഒരു വലിയ മുന്നേറ്റമായിരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അന്താരാഷ്ട്ര ഏജൻസികളുടെ കടുത്ത മേൽനോട്ടമില്ലാതെ തന്നെ സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് അവസരമൊരുക്കുന്ന അമേരിക്കൻ തീരുമാനത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണിത്. എന്നാൽ, കരാറിനെതിരെ ഇസ്രായേലിലെ മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് സിവിലിയൻ ആണവ പദ്ധതി അനുവദിക്കുന്നത് ഭാവിയിൽ അത് ആണവായുധ നിർമ്മാണത്തിലേക്ക് നയിക്കുമെന്നും, പശ്ചിമേഷ്യയിൽ വൻ ആയുധ മത്സരത്തിന് വഴിവെക്കുമെന്നും മുൻ പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ മുന്നറിയിപ്പ് നൽകി. ഈ കരാർ വലിയൊരു തന്ത്രപരമായ ദുരന്തമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തന്റെ ആദ്യ ഭരണകാലത്ത് ഇസ്രായേലും യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ട്രംപ് കൊണ്ടുവന്ന പ്രമുഖ വിദേശനയ പദ്ധതിയായിരുന്നു അബ്രഹാം ഉടമ്പടി. എന്നാൽ, സ്വതന്ത്രമായ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വ്യക്തമായ വഴി തുറന്നാൽ മാത്രമേ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകൂ എന്ന് സൗദി അറേബ്യ മുമ്പ് നിലപാടെടുത്തിരുന്നു. ഫലസ്തീൻ രാഷ്ട്ര രൂപീകരണമെന്ന ആവശ്യത്തെ ബെഞ്ചമിൻ നെതന്യാഹു പരസ്യമായി തള്ളിക്കളയുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ.

Also Read

More Stories from this section

family-dental
witywide