
കാലിഫോർണിയ: എലിവിഷം ഉപയോഗിക്കാതെ തന്നെ മുന്തിരിത്തോട്ടങ്ങളിലെ എലിശല്യം ഗണ്യമായി കുറയ്ക്കാൻ മൂങ്ങകൾക്ക് കഴിയുമെന്ന് കാലിഫോർണിയയിൽ നടത്തിയ പഠനത്തിൽ പറയുന്നു. മുന്തിരിത്തോട്ടങ്ങളിൽ മൂങ്ങകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ എലികളുടെ എണ്ണം 38 മുതൽ 52 ശതമാനം വരെ കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. കാലിഫോർണിയയിലെ പ്രശസ്തമായ നാപ്പാ വാലിയിലെ മുന്തിരിത്തോട്ടങ്ങളിലാണ് പഠനം നടത്തിയത്. മുന്തിരിവള്ളികൾ കടിച്ചുനശിപ്പിച്ച് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്ന എലികളെ നിയന്ത്രിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഗവേഷണം.
2015-ൽ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി കാലിഫോർണിയയിലെ വിവിധ വൈൻ ഉൽപാദന മേഖലകളിലായി 500-ലധികം മൂങ്ങക്കൂടുകൾ സ്ഥാപിച്ചിരുന്നു. ഈ കൂടുകളിലെ മൂങ്ങകളുടെ പ്രവർത്തനവും മുന്തിരിത്തോട്ടങ്ങളിലെ എലികളുടെ എണ്ണവും പെരുമാറ്റവും ഗവേഷകർ വർഷങ്ങളായി നിരീക്ഷിച്ചു. 2023-ൽ നാപ്പാ വാലിയിലെ ആറു മുന്തിരിത്തോട്ടങ്ങളിലായിരുന്നു വിശദമായ പഠനം. എലികളുടെ എണ്ണം മാത്രമല്ല, അവയുടെ പെരുമാറ്റത്തിലും മൂങ്ങകൾ മാറ്റമുണ്ടാക്കുന്നുണ്ടോ എന്നതും ഗവേഷകർ പരിശോധിച്ചു. ഇതിനായി മുന്തിരിത്തോട്ടങ്ങളിൽ ഭക്ഷണം വച്ച ട്രേകൾ സ്ഥാപിച്ച് എലികൾ എത്രമാത്രം ഭക്ഷണം കഴിക്കുന്നുവെന്ന് നിരീക്ഷിച്ചു.
മൂങ്ങകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ എലികൾ കൂടുതൽ ജാഗ്രത പുലർത്തുകയും തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണം തേടാൻ മടിക്കുകയും ചെയ്തതായി കണ്ടെത്തി. മൂങ്ങകൾ ഇരയെ പിടിച്ച് ഭക്ഷിക്കുന്നതിലൂടെ മാത്രമല്ല, അവയുടെ സാന്നിധ്യം തന്നെ എലികളെ ഭയപ്പെടുത്തി കൃഷിനാശം കുറയ്ക്കുന്നുവെന്നും ഗവേഷകർ പറയുന്നു. മുന്തിരിത്തോട്ടങ്ങളിലെ സസ്യാവരണവും മൂങ്ങകളുടെ വേട്ടയെ സഹായിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. മൂങ്ങകൾ പ്രധാനമായും ശ്രവണശേഷി ഉപയോഗിച്ചാണ് ഇരയെ കണ്ടെത്തുന്നത്. സസ്യാവരണം കൂടുതലുള്ള സ്ഥലങ്ങളിൽ എലികൾക്ക് മൂങ്ങകളെ തിരിച്ചറിയാൻ പ്രയാസമായതിനാൽ വേട്ട കൂടുതൽ വിജയകരമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
സ്ഥാപിച്ച മൂങ്ങക്കൂടുകളിൽ 30 മുതൽ 75 ശതമാനം വരെ എല്ലാ വർഷവും പ്രജനനത്തിനായി മൂങ്ങകൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഏകദേശം 24 ഇഞ്ച് ഉയരമുള്ള മരപ്പെട്ടികളും 12 അടി ഉയരമുള്ള തൂണുകളിൽ സ്ഥാപിച്ച കൂടുകളുമാണ് മൂങ്ങകൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും പഠനം പറയുന്നു. ഒരു മൂങ്ങക്കുടുംബത്തിന് ഒരു വർഷം 4,000 വരെ എലികളെ പിടികൂടാൻ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പ്രകൃതിദത്ത വേട്ടക്കാരായ മൂങ്ങകളെ പ്രോത്സാഹിപ്പിക്കുന്നത് രാസവിഷങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും സഹായകരമാണെന്ന് ഗവേഷകർ പറഞ്ഞു.
“വന്യജീവികളും കൃഷിയും പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകാമെന്ന് ഈ പഠനം തെളിയിക്കുന്നു. ജൈവവൈവിധ്യവും കൃഷിയും ഒരുമിച്ച് നിലനിൽക്കുക മാത്രമല്ല, പരസ്പരം ഗുണം ചെയ്യാനും കഴിയും,” എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ മാറ്റ് ജോൺസൺ പറഞ്ഞു. 2015 മുതൽ പഠനത്തിൽ പങ്കാളികളായ നാപ്പാ വാലിയിലെ ഗ്ര്ഗിച്ച് ഹിൽസ് എസ്റ്റേറ്റ് മുന്തിരിത്തോട്ടത്തിന്റെ പ്രതിനിധി ഐവോ ജെറാമസും പഠനഫലങ്ങൾ സംയോജിത കീടനിയന്ത്രണ സംവിധാനം കൂടുതൽ ഫലപ്രദമാക്കാൻ സഹായിച്ചതായും, വർഷങ്ങളായി തോട്ടങ്ങളിലെ എലിശല്യം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും വ്യക്തമാക്കി.
California vineyards installed more than 500 owl boxes; fields with more barn owls had up to 52% fewer rodents without using additional poison














