വാഷിങ്ടൺ: ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന കുടിയേറ്റക്കാർക്ക് കൂടുതൽ സമയം അനുവദിക്കാതെ കർശന നിലപാട് സ്വീകരിച്ച് നാടുകടത്തൽ നടപടികൾ വേഗത്തിലാക്കണമെന്ന് യുഎസിലെ ഇമിഗ്രേഷൻ ജഡ്ജിമാർക്ക് നിർദേശം നൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കൂടുതൽ ഇമിഗ്രേഷൻ കേസുകൾ ഏറ്റെടുക്കുന്ന അഭിഭാഷകർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകാനും ജഡ്ജിമാർക്കുള്ള നിർബന്ധിത പരിശീലനത്തിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. “ദയ കാണിക്കാൻ ഇടമില്ല; അവരെ എങ്ങനെയെങ്കിലും യുഎസിൽ നിന്ന് പുറത്താക്കുക എന്ന അടിയന്തരത മാത്രമാണുള്ളത്” എന്നാണ് ജഡ്ജിമാരോട് പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്തിടെ നൂറുകണക്കിന് ഇമിഗ്രേഷൻ ജഡ്ജിമാർ നിർബന്ധിത ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്തതായാണ് വിവരം. കുടിയേറ്റക്കാർക്ക് അഭിഭാഷകരെ കണ്ടെത്താനും കേസുകൾ തയ്യാറാക്കാനും മറ്റൊരു ഫെഡറൽ ഇമിഗ്രേഷൻ ഏജൻസിയിൽ നിന്നുള്ള രേഖകൾക്കായുള്ള അപേക്ഷകൾ അംഗീകരിക്കപ്പെടുന്നതുവരെ കാത്തിരിക്കാനും കൂടുതൽ സമയം നൽകുന്ന ‘continuance’ എന്ന നിയമപരമായ നടപടിയാണ് പരിശീലനത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.
ഇമിഗ്രേഷൻ കോടതികളുടെ അപ്പീൽ വിഭാഗമായ ബോർഡ് ഓഫ് ഇമിഗ്രേഷൻ അപ്പീൽസിലെ മുതിർന്ന ജഡ്ജി കീത്ത് ഹൺസക്കർ ആണ് ഓൺലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്. ഇമിഗ്രേഷൻ കോടതിയിൽ ജഡ്ജിയായിരുന്ന കാലയളവിൽ അദ്ദേഹം 80 ശതമാനത്തിലധികം അഭയാർഥി അപേക്ഷകൾ നിരസിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇമിഗ്രേഷൻ കോടതികളിലെ കേസുകളുടെ വലിയ കെട്ടിക്കിടപ്പ് കുറയ്ക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. ചിലർ കേസ് നീട്ടിക്കൊണ്ടുപോകുക എന്ന ഉദ്ദേശത്തോടെയാണ് ‘continuance’ ആവശ്യപ്പെടുന്നതെന്നും, യുഎസിൽ അനധികൃതമായി തുടരുന്നവർ നാടുകടത്തൽ പരമാവധി വൈകിപ്പിക്കാൻ നിയമനടപടികൾ ദീർഘിപ്പിക്കാൻ ശക്തമായ താൽപര്യം കാണിക്കുമെന്നും ജഡ്ജിമാർക്ക് പരിശീലനം നൽകി.
“വൈകിപ്പിക്കൽ മാത്രം ലക്ഷ്യമാക്കിയുള്ള continuance അപേക്ഷകൾ ഇമിഗ്രേഷൻ ജഡ്ജിമാർ അംഗീകരിക്കരുത്,” എന്ന് പരിശീലനത്തിലെ ഒരു സ്ലൈഡിൽ പറഞ്ഞിരുന്നു. വാർഷിക ക്വാട്ട കാരണം വിസ ഉടൻ ലഭ്യമല്ലെങ്കിലും പിന്നീട് യോഗ്യനായ അപേക്ഷകന് വിസ നൽകുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ, അംഗീകരിച്ച വിസാ അപേക്ഷയുടെ പേരിൽ നാടുകടത്തൽ നടപടികൾ വൈകിപ്പിക്കരുതെന്നും പരിശീലനത്തിൽ നിർദേശിച്ചു.
ഇമിഗ്രേഷൻ കേസുകളുടെ വലിയ കെട്ടിക്കിടപ്പ് നിലനിൽക്കുന്നതിനിടെയാണ്, അമിതമായി കേസുകൾ ഏറ്റെടുക്കുന്ന അഭിഭാഷകർ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ജഡ്ജിമാർക്ക് നൽകിയത്. ഒരു അഭിഭാഷകൻ ഉത്തരവാദിത്തത്തോടെയും പ്രൊഫഷണൽ രീതിയിലും കൈകാര്യം ചെയ്യാനാകുന്നതിലധികം കേസുകൾ ഏറ്റെടുത്താൽ, EOIR-ന്റെ അച്ചടക്ക വിഭാഗത്തിലേക്ക് കേസ് റഫർ ചെയ്യുകയും നിയമലംഘനത്തിന് നടപടിയും ശിക്ഷയും പരിഗണിക്കുകയും ചെയ്യാമെന്നും പരിശീലനത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
No room to be kind: US immigration judges told to reduce time for people awaiting Green Card before being deported












