
ഫ്ലോറിഡ: മരിച്ച വൃദ്ധന്റെ ഐഡന്റിറ്റിയും രേഖകളും മോഷ്ടിച്ച് അദ്ദേഹത്തിന്റെ ആഡംബര വീട്ടിൽ വർഷങ്ങളോളം ആരുമറിയാതെ താമസിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. ഫ്ലോറിഡയിലെ ലൗഡർഹിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ബ്രയാൻ ലൂയിസ് സ്ഗുരോസ് (35) ആണ് ബ്രോവാർഡ് കൗണ്ടി ഷെരീഫ് ഓഫീസിന്റെ പിടിയിലായത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, മരിച്ച വ്യക്തിയുടെ വിവരങ്ങൾ വ്യാജമായി ഉപയോഗിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2022-ൽ ഡെന്നിസ് വെസ്റ്റ് (71) എന്ന വൃദ്ധന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനായി (Welfare Check) എത്തിയ പോലീസ് സംഘത്തോടൊപ്പമാണ് സ്ഗുരോസ് ആദ്യമായി ഈ വീട്ടിലെത്തുന്നത്. അവിടെ വെസ്റ്റ് സ്വാഭാവിക കാരണങ്ങളാൽ മരിച്ചുകിടക്കുകയായിരുന്നു. തുടർന്ന് ഈ വീടും സ്വത്തും തട്ടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ആസൂത്രിതമായ നീക്കം നടത്തി.
മരിച്ച വെസ്റ്റിന് ബന്ധുക്കളാരും ഇല്ലെന്നും താൻ അദ്ദേഹത്തിന്റെ സുഹൃത്താണെന്നും മെഡിക്കൽ എക്സാമിനറെ വിശ്വസിപ്പിച്ച സ്ഗുരോസ്, മൃതദേഹം സ്വന്തം ഉത്തരവാദിത്തത്തിൽ ദഹിപ്പിച്ചു. തുടർന്ന് 2022 ഓഗസ്റ്റിൽ ഈ ഇരുനില വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
വർഷങ്ങളോളം ആരുമറിയാതെ മരിച്ചയാളുടെ പേരിൽത്തന്നെ വെള്ളക്കരവും വൈദ്യുതി ബില്ലും അടച്ച് സ്ഗുരോസ് അവിടെ താമസം തുടർന്നു. കൂടാതെ ഏകദേശം 2.14 ലക്ഷം ഡോളർ (ഏകദേശം 1.8 കോടി രൂപ) മുടക്കി വീട് ആഡംബരമായി പുതുക്കിപ്പണിയുകയും ചെയ്തു.
എന്നാൽ അടുത്തിടെ ഡെന്നിസ് വെസ്റ്റിന്റെ യഥാർത്ഥ നിയമപരമായ അവകാശികൾ ഈ വീട് വിൽക്കാനായി എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്റെ തട്ടിപ്പ് പുറത്താകുന്നത്. തുടർന്ന് നടന്ന സംയുക്ത അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന്റെ താക്കോൽ യഥാർത്ഥ അവകാശികൾക്ക് തിരികെ നൽകിയ സ്ഗുരോസ്, താൻ വീട് നവീകരിക്കാൻ ചിലവാക്കിയ തുക തനിക്ക് തിരികെ വേണമെന്ന വിചിത്രമായ ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിലവിൽ താൽക്കാലിക ജാമ്യത്തിൽ ഇറങ്ങിയ സ്ഗുരോസിനെ പൊലീസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Police officer arrested in Florida for stealing a deceased person’s identity and taking over their home.















