മുംബൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ത്യ സഖ്യം നടത്തിയ അവസാന നിമിഷത്തെ ‘ചെന്നൈ മിഷൻ’ പരാജയപ്പെട്ടു. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂട്ടത്തോടെ വീട്ടിലെത്തി അഭ്യർത്ഥിച്ചിട്ടും എം.കെ. സ്റ്റാലിൻ വഴങ്ങിയില്ല. തമിഴ്നാടിന്റെ താൽപര്യം മാത്രമാണ് തന്റെ മുന്നിലുള്ളതെന്ന് സ്റ്റാലിൻ നേതാക്കളോട് വ്യക്തമാക്കി. യോഗത്തിന് ശേഷം പുറത്തിറങ്ങിയ രാഹുൽ ഗാന്ധി, ആർഎസ്എസിന് തമിഴ്നാടിനോട് വെറുപ്പാണെന്ന് പ്രതികരിച്ചു.
ചെന്നൈയിലെ നീക്കം ഫലം കാണാതെ വന്നതോടെ ഇന്ത്യ സഖ്യ നേതാക്കൾ സമാന നിലപാടിൽ തുടരുന്ന എൻസിപി നേതാക്കളെ കാണാൻ ‘മുംബൈ മിഷനു’മായി മുംബൈയിലെത്തി. എൻസിപി അധ്യക്ഷൻ ശരദ് പവാർ ചികിത്സയിൽ കഴിയുന്ന മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് സുപ്രിയ സുലെ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച അവസാനിച്ചതിന് പിന്നാലെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ശരദ് പവാർ എന്നും മതേതര സഖ്യത്തിനൊപ്പം നിലകൊണ്ടയാളാണെന്നും അദ്ദേഹം ഇന്ത്യ സഖ്യത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ മടങ്ങി.
‘Chennai Mission’ Fails; INDIA Bloc Launches ‘Mumbai Mission’, Meets NCP Leaders Including Supriya Sule













