ന്യൂഡൽഹി: ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിൽ ആൻഡമാൻ ദ്വീപിനോട് ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. ഇന്ത്യയുടെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ സമുദ്ര മന്തൻ ദൗത്യത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച സമുദ്ര മന്തൻ മിഷൻ്റെ ഭാഗമായാണ് ഈ പര്യവേക്ഷണം നടന്നത്. രാജ്യത്തെ ആഴക്കടൽ എണ്ണ-വാതക നിക്ഷേപങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിൻ്റെ ലക്ഷ്യം.
‘ശ്രീ വിജയപുരം-3’ എന്ന, ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള പര്യവേക്ഷണ കിണറിലാണ് വാതക ശേഖരം കണ്ടെത്തിയത്. ഈ ഭാഗത്ത് സമുദ്രത്തിന് 355 മീറ്ററാണ് ആഴം. സമുദ്രനിരപ്പിന് താഴെ 1,900 മീറ്ററിലധികം ആഴത്തിൽ ഡ്രില്ലിംഗ് നടത്തിയപ്പോഴാണ് വാതക സാന്നിധ്യം വ്യക്തമായത്. ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണങ്ങളിൽ, നിലവിൽ കുഴിച്ച മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലും ഹൈഡ്രോകാർബൺ സാന്നിധ്യം കണ്ടെത്താനായി എന്നത് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
അതേസമയം, കണ്ടെത്തിയ വാതകത്തിന്റെ ഗുണനിലവാരം, ഘടന, കലോറി മൂല്യം എന്നിവ പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. ആഗോളതലത്തിലുള്ള ആഴക്കടൽ പര്യവേക്ഷണ വിദഗ്‌ധരുടെ സഹായത്തോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കണ്ടെത്തൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
കേന്ദ്രസർക്കാർ കൂടുതൽ ആഴക്കടൽ പര്യവേക്ഷണങ്ങൾ സമുദ്ര മന്തൻ മിഷൻ്റെ ഭാഗമായി നടത്താനാണ് പദ്ധതിയിടുന്നത്. ഇതിനായി അന്താരാഷ്ട്ര സാങ്കേതിക സഹകരണവും രാജ്യം തേടുന്നുണ്ട്. ഊർജാവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുമ്പ് നടത്തി ഉപേക്ഷിച്ച പ്രകൃതിവാതക- പെട്രോളിയം പര്യവേക്ഷണങ്ങൾ നടത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പര്യവേക്ഷണം നടക്കുന്നുണ്ട്.
Oil India Limited has discovered significant natural gas reserves at the Sri Vijayapuram-3 exploratory well, located approximately 15 km off the east coast of the Andaman Islands in the Andaman Sea









