
വാഷിംഗ്ടൺ: യുഎസിലെ കൺസൾട്ടിംഗ് ബിസിനസ് മേഖലയിലെ ഭൂരിഭാഗം തസ്തികകളിലേക്കുമുള്ള എച്ച്-1ബി വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പുകൾ നിർത്തലാക്കാൻ പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ ഐബിഎം തീരുമാനിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമപരമായ കുടിയേറ്റത്തിന് മേൽ ട്രംപ് ഭരണകൂടം പരിശോധനകളും നിയന്ത്രണങ്ങളും കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നിർണായക നീക്കം.
തൊഴിൽ വിസ സ്പോൺസർഷിപ്പിനെയും തുടർന്ന് യുഎസിലെ സ്ഥിരതാമസത്തിനുള്ള (ഗ്രീൻ കാർഡ്) അനുമതിയെയും ആശ്രയിച്ച് ഐബിഎം കൺസൾട്ടിംഗിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള വിദേശ ജീവനക്കാരെ ഈ തീരുമാനം നേരിട്ട് ബാധിക്കും. ബാധിക്കപ്പെട്ട ജീവനക്കാർക്ക് യുഎസിന് പുറത്തിരുന്ന് കമ്പനിക്കായി ജോലി തുടരാനോ അല്ലെങ്കിൽ ഈ വർഷാവസാനത്തോടെ ജോലി രാജിവെക്കാനോ ഉള്ള ഓപ്ഷനുകളാണ് ഐബിഎം നൽകിയിട്ടുള്ളതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന വൈദഗ്ധ്യമുള്ളവർക്കായുള്ള വിസ പ്രോഗ്രാമുകളിൽ കമ്പനിയുടെ പങ്കാളിത്തം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുറഞ്ഞുവരികയാണെന്ന് ഐബിഎം വക്താവ് സ്ഥിരീകരിച്ചു. പ്രാദേശികമായി വിദഗ്ധ തൊഴിലാളികളുടെ ലഭ്യത കൂടിയതും ക്ലയന്റുകളുടെ ആവശ്യങ്ങളിൽ വന്ന മാറ്റങ്ങളുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് കമ്പനിയുടെ വിശദീകരണം.
എച്ച്-1ബി വിസ അപേക്ഷകളെയും, തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിന്റെ ആദ്യ പടിയായ ‘പേം’ (PERM) പ്രക്രിയയെയുമാണ് പുതിയ തീരുമാനം ബാധിക്കുക. നിർദ്ദിഷ്ട തസ്തികകളിലേക്ക് യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ ലഭ്യമാണല്ല എന്ന് തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണിത്. നിലവിൽ കമ്പനി വഴി സ്പോൺസർഷിപ്പ് ലഭിച്ച ജീവനക്കാരുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ആമസോൺ, ആപ്പിൾ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് വൻകിട കമ്പനികളെ അപേക്ഷിച്ച് ഐബിഎമ്മിന്റെ വിസ അപേക്ഷകൾ നിലവിൽ തന്നെ വളരെ കുറവാണ്. 2026 സാമ്പത്തിക വർഷത്തിൽ ആമസോൺ 13,715-ലധികം എച്ച്-1ബി വിസകൾക്ക് അപേക്ഷിച്ചപ്പോൾ ഐബിഎം 1,100-ലധികം അപേക്ഷകൾ മാത്രമാണ് സമർപ്പിച്ചിരുന്നത്.
അമേരിക്കൻ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമ്പോഴും കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിക്കുന്നു എന്ന ആക്ഷേപത്തെ തുടർന്ന് എച്ച്-1ബി വിസകൾക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത നിലപാടിലാണ്. തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളെ ‘പേം’ (PERM) പ്രോഗ്രാമിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് കഴിഞ്ഞ ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റാകാർട്ട്, ഓപ്പൺഎഐ തുടങ്ങിയ കമ്പനികൾക്കെതിരെയും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
യുഎസ് ഐടി മേഖലയിൽ ദീർഘകാല തൊഴിലിനും സ്ഥിരതാമസത്തിനുമായി തൊഴിലുടമകളുടെ വിസ സ്പോൺസർഷിപ്പിനെ ആശ്രയിക്കുന്ന വിദേശ പ്രൊഫഷണലുകൾക്ക് ഐബിഎമ്മിന്റെ പുതിയ തീരുമാനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
IBM to halt H-1B and Green Card sponsorship in the consulting sector; a major blow to foreign employees.















