ലോകം പുതിയ ആശങ്കയിലേക്ക്, ചെങ്കടലിലും യാത്ര തിരിച്ചുവിട്ട് എണ്ണക്കപ്പലുകൾ; ഇന്ധനവില ഉയരാൻ സാധ്യത, കനത്ത ഭീഷണിയുമായി യമനിലെ ഹൂതി വിമതർ

ടെഹ്റാൻ: ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന് യമനിലെ ഹൂതി വിമതർ ഭീഷണി മുഴക്കിയതിനെ തുടർന്ന് ഇന്ധനക്കപ്പലുകൾ യാത്ര തിരിച്ചുവിടുന്നതായി കപ്പൽ ഗതാഗത വിവരങ്ങൾ. ചെങ്കടലിനെയും അറബിക്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന ജലപാതയിലൂടെ പോവുകയായിരുന്ന നാല് എണ്ണക്കപ്പലുകൾ യാത്ര ഉപേക്ഷിച്ച് തിരികെ പോയതായി ട്രേഡ് ഇന്റലിജൻസ് സ്ഥാപനമായ ‘കെപ്ലർ’ അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിൽ സൗദി അറേബ്യയുടെ എണ്ണക്കയറ്റുമതിയുടെ പ്രധാന ബദൽ മാർഗ്ഗമായിരുന്നു ബാബ് അൽ-മന്ദേബ്. എന്നാൽ ഈ പാതയിലൂടെ സൗദി കപ്പലുകൾ സഞ്ചരിക്കുന്നത് ഹൂതികൾ വിലക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ ആഗോള എണ്ണ വിതരണത്തിന്റെ ആറ് ശതമാനത്തോളം വരുന്ന, അതായത് പ്രതിദിനം ഏകദേശം 62 ലക്ഷം ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയിരുന്നത്. ഇതിൽ ഭൂരിഭാഗവും സൗദി അറേബ്യയിൽ നിന്നുള്ളതായിരുന്നു.

ഹൂതികളുടെ ഭീഷണിയെ തുടർന്ന് ബാബ് അൽ-മന്ദേബിലേക്ക് നീങ്ങിയ അഞ്ച് ടാങ്കർ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി മാരിടൈം അനലിറ്റിക്സ് സ്ഥാപനമായ ‘വിൻഡ്‌വാർഡ് ഇന്റലിജൻസും’ വ്യക്തമാക്കി. ഇതിൽ നാല് കപ്പലുകളിലും സൗദിയിൽ നിന്നുള്ള എണ്ണയായിരുന്നു. ബാബ് അൽ-മന്ദേബ് വഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാമെന്ന് പിക്ക്റിംഗ് എനർജി പാർട്ട്ണേഴ്സ് നിക്ഷേപ വിഭാഗം മേധാവി ഡാൻ പിക്ക്റിംഗ് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide