വാഷിങ്ടൺ: അമേരിക്കയിൽ അച്ചടക്ക നടപടികൾക്ക് പിന്നാലെ ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജനായ മെഡിക്കൽ വിദ്യാർഥി വൈഭവ് ദുഗ്ഗലിന്റെ മാതാപിതാക്കൾ ടെക്സാസ് ടെക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെന്ററിനെതിരെ 3 കോടി ഡോളർ (30 മില്യൺ ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സർവകലാശാലയുടെ അച്ചടക്ക നടപടിക്രമങ്ങളിലും വിദ്യാർഥികൾക്കുള്ള മാനസികാരോഗ്യ പിന്തുണയിലും പരിഷ്കാരങ്ങൾ വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
2025 ജൂലൈയിലാണ് എൽ പാസോയിലുള്ള ടെക്സാസ് ടെക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെന്ററിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന 24-കാരൻ വൈഭവ് ദുഗ്ഗൽ ആത്മഹത്യ ചെയ്തത്. ഒരു വർഷത്തിന് ശേഷമാണ് കുടുംബം സർവകലാശാലയ്‌ക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. ക്ലിനിക്കൽ പരിശീലനത്തിനിടെ ഒരു വനിതാ രോഗിയുമായി ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടുകയും പിന്നീട് അതിനെ പ്രൊഫഷണൽ അതിരുകൾ ലംഘിക്കുന്നതായി മനസ്സിലാക്കി അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തതായി കുടുംബം പറയുന്നു.
എന്നാൽ, ചികിത്സയ്ക്കുശേഷം രോഗി അസ്വസ്ഥത പ്രകടിപ്പിച്ച് പരാതി നൽകിയതോടെ വൈഭവിനെ ക്ലിനിക്കൽ റൊട്ടേഷനിൽ നിന്ന് മാറ്റുകയും അച്ചടക്ക അന്വേഷണത്തിന് വിധേയനാക്കുകയും ചെയ്തു.അന്വേഷണത്തിനിടെ മെഡിക്കൽ കോളേജിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം വൈഭവിനെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സർവകലാശാലയിൽ നിന്ന് മാനസികാരോഗ്യ സഹായം തേടിയെങ്കിലും അത് ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
“ഞാൻ നിങ്ങളെ നിരാശപ്പെടുത്തി. പ്രൊഫഷണലിസത്തിലെ ഒരു വീഴ്ച കാരണം എന്നെ മെഡിക്കൽ കോളേജിൽ നിന്ന് പുറത്താക്കുകയാണ്. ഈ അപമാനം എനിക്ക് സഹിക്കാനാകുന്നില്ല,” എന്നാണ് വൈഭവ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നതായി ഹർജിയിൽ പറയുന്നു. സർവകലാശാലയുടെ അച്ചടക്ക നടപടികൾ സുതാര്യമല്ലായിരുന്നുവെന്നും നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും മതിയായ മാനസികാരോഗ്യ പിന്തുണ ലഭിക്കാതിരുന്നതാണ് മകന്റെ മരണത്തിലേക്ക് നയിച്ചതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
അതേസമയം, ടെക്സാസ് ടെക്കിൽ നിന്ന് 60,000 ഡോളറിന്റെ സ്കോളർഷിപ്പ് നേടിയ മികച്ച വിദ്യാർഥികളിലൊരാളായിരുന്നു വൈഭവ്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയും സർവകലാശാലയ്‌ക്കെതിരെ പ്രത്യേക കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Parents of Indian-origin medical student Vaibhav Duggal, who died by suicide, seek $30mn from Texas Tech University












