റഷ്യയിലെ പ്ലേഗ് ആശങ്ക; സ്ഥിതിഗതികൾ നിരീക്ഷിച്ച് വൈറ്റ് ഹൗസ്

റഷ്യയിൽ 28കാരിയായ ലബോറട്ടറി ജീവനക്കാരി മരിച്ച സംഭവത്തിന് പിന്നാലെ പ്ലേഗ് ബാധ സംശയം ഉയരുന്നു. യുവതിയുമായി സമ്പർക്കത്തിലായിരുന്ന 200ഓളം പേരെ ആരോഗ്യനിരീക്ഷണത്തിലാക്കി. സംഭവത്തിൽ വൈറ്റ് ഹൗസും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. എന്നാൽ യുവതിക്ക് പ്ലേഗ് ബാധിച്ചിരുന്നുവെന്ന് റഷ്യൻ ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

“ട്രംപ് ഭരണകൂടത്തിന് പകർച്ചവ്യാധിയെക്കുറിച്ച് അറിവുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സാധ്യമായ നടപടികൾ വിലയിരുത്തുകയും ചെയ്യുകയാണ്” എന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. സൈബീരിയയിലെ പ്ലേഗ് പ്രതിരോധ ഗവേഷണശാലയിലെ ജീവനക്കാരിയാണ് മരിച്ചതെന്നും 200ഓളം പേരെ ഐസൊലേഷനിലാക്കിയെന്നും മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇർകുത്സ്ക് മേഖലയിലെ പ്ലേഗ് ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദാരിയ ഷിപിലോവ (28) സെപ്റ്റംബർ 25ന് ന്യൂമോണിക് പ്ലേഗിന് കാരണമാകുന്ന രോഗാണു അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതായി ഷിപിലോവ മെഡിക്കൽ ജീവനക്കാരോട് പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്. റഷ്യയുടെ കിഴക്കൻ അതിർത്തിയിൽ മംഗോളിയയോട് ചേർന്ന പ്രദേശത്ത് മറ്റ് ജീവനക്കാർക്കൊപ്പം നടത്തിയ പര്യടനത്തിനിടെയാണ് ആദ്യം അസുഖബാധിതയായത്. കടുത്ത ന്യൂമോണിയയെ തുടർന്ന് സെപ്റ്റംബർ 29ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 1നും 2നും ഇടയിലുള്ള രാത്രിയിലാണ് മരണം സംഭവിച്ചത്. തുടർന്ന് നിരവധി ആരോഗ്യസ്ഥാപനങ്ങളിൽ അധികൃതർ ക്വാറന്റീൻ ഏർപ്പെടുത്തി. ഷിപിലോവയുമായി സമ്പർക്കത്തിലായ 200ഓളം പേരെ ആരോഗ്യനിരീക്ഷണത്തിലാക്കി.

“സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയ എല്ലാവരെയും ആരോഗ്യനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. ലബോറട്ടറി പരിശോധനാഫലങ്ങളും നെഗറ്റീവാണ്,” റഷ്യൻ അധികൃതർ ടെലഗ്രാമിലൂടെ അറിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഷിപിലോവയ്ക്ക് ന്യൂമോണിക് പ്ലേഗ് ബാധിച്ചിരിക്കാമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആരോഗ്യ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. “അജ്ഞാത കാരണത്താലുള്ള ന്യൂമോണിയ” എന്നാണ് റഷ്യൻ പൊതുജനാരോഗ്യ ഏജൻസി രോഗാവസ്ഥയെ വിശേഷിപ്പിച്ചത്. കൂടുതൽ പരിശോധനകളിൽ യുവതിയുടെ ജോലിയുമായി ബന്ധപ്പെട്ട സൂക്ഷ്മാണുക്കളൊന്നും കണ്ടെത്തിയില്ലെന്നും മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഏജൻസി അറിയിച്ചു.

യെർസീനിയ പെസ്റ്റിസ് (Yersinia pestis) എന്ന ബാക്ടീരിയയാണ് പ്ലേഗിന് കാരണമാകുന്നത്. മധ്യകാലഘട്ടത്തിലെ ‘ബ്ലാക്ക് ഡെത്ത്’ മഹാമാരിയിൽ കോടിക്കണക്കിന് ആളുകളുടെ മരണത്തിന് ഈ രോഗം കാരണമായിരുന്നു. ബ്യൂബോണിക്, ന്യൂമോണിക്, സെപ്റ്റിസീമിക് എന്നിങ്ങനെ മൂന്ന് പ്രധാന തരങ്ങളാണ് പ്ലേഗിനുള്ളത്. പനി, തലവേദന, വിറയൽ, ശരീരക്ഷീണം, ശ്വാസതടസം, ചുമ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് പ്ലേഗിന്റെ എല്ലാ രൂപങ്ങളും ചികിത്സിക്കാനാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പൊട്ടിയ ടെസ്റ്റ് ട്യൂബിൽ ന്യൂമോണിക് പ്ലേഗിന് കാരണമാകുന്ന രോഗാണുവാണ് ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ അവകാശപ്പെട്ടതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

Russia plague outbreak: White House monitors situation

More Stories from this section

family-dental
witywide