ഇന്ത്യയുടെ വ്യോമയാന സുരക്ഷ പരിശോധിക്കാൻ യുഎസ് എഫ്എഎ; കാറ്റഗറി 1 നിലനിൽക്കുമോ?

ഇന്ത്യയുടെ വ്യോമയാന സുരക്ഷാ മേൽനോട്ട സംവിധാനം യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പരിശോധിക്കാനിരിക്കെ ഡിജിസിഎ പരിശോധനകൾ ശക്തമാക്കി. നവംബർ 16 മുതൽ 20 വരെയാണ് എഫ്എഎയുടെ ഇന്റർനാഷണൽ ഏവിയേഷൻ സേഫ്റ്റി അസസ്മെന്റ് (IASA) പരിശോധന. ഇതിന് മുന്നോടിയായി വിമാനക്കമ്പനികളിലെ സുരക്ഷാ സംവിധാനങ്ങൾ ഡിജിസിഎ വിശദമായി പരിശോധിച്ചുവരികയാണ്.

വ്യക്തിഗത വിമാനക്കമ്പനികളുടെ സുരക്ഷയല്ല യുഎസ് എഫ്എഎ പരിശോധിക്കുന്നത്. രാജ്യത്തെ സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ അനുസരിച്ച് വിമാനക്കമ്പനികളെ ഫലപ്രദമായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുക.

നിയമങ്ങളും പ്രവർത്തന ചട്ടങ്ങളും, സാങ്കേതിക ജീവനക്കാരും പരിശീലനവും, ലൈസൻസിങ്, സർട്ടിഫിക്കേഷൻ, വിമാനക്കമ്പനികളുടെ നിരീക്ഷണം, സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്ന സംവിധാനം തുടങ്ങിയ എട്ട് മേഖലകളാണ് വിലയിരുത്തുക. IASAയിൽ കാറ്റഗറി 1, കാറ്റഗറി 2 എന്നിങ്ങനെ രണ്ട് റേറ്റിങ്ങുകളാണുള്ളത്. ICAOയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങൾക്ക് കാറ്റഗറി 1 ലഭിക്കും. നിലവിൽ ഇന്ത്യ കാറ്റഗറി 1 പദവിയിലാണ്. ഈ പദവി ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏറെ പ്രധാനമാണ്. കാറ്റഗറി 1 നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വന്തം വിമാനങ്ങൾ ഉപയോഗിച്ച് യുഎസിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനും യുഎസ് വിമാനക്കമ്പനികളുമായി കോഡ്‌ഷെയർ സർവീസുകൾ നടത്താനും ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കഴിയും.

1997ലാണ് ഇന്ത്യ ആദ്യമായി കാറ്റഗറി 1 പദവി നേടിയത്. എന്നാൽ ഡിജിസിഎയുടെ സുരക്ഷാ മേൽനോട്ടത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2014 ജനുവരിയിൽ ഇന്ത്യയെ കാറ്റഗറി 2ലേക്ക് താഴ്ത്തിയിരുന്നു. ആവശ്യത്തിന് ഫുൾടൈം ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരില്ലാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളായിരുന്നു പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിലവിലുള്ള യുഎസ് സർവീസുകൾ തുടരാനായെങ്കിലും പുതിയ സർവീസുകൾ ആരംഭിക്കാനോ നിലവിലുള്ളവ വിപുലീകരിക്കാനോ നിയന്ത്രണങ്ങളുണ്ടായി. യുഎസ് അധികൃതരുടെ കൂടുതൽ ശക്തമായ സുരക്ഷാ നിരീക്ഷണത്തിനും വിമാനക്കമ്പനികൾ വിധേയമായി.

തുടർന്ന് എഫ്എഎയുടെ ആശങ്കകൾ പരിഹരിച്ച ഇന്ത്യ 2015 ഏപ്രിലിൽ കാറ്റഗറി 1 പദവി തിരിച്ചുപിടിച്ചു. 2021ലെ പരിശോധനയിലും ഈ പദവി നിലനിർത്തി. എന്നാൽ ഇത്തവണയും ഡിജിസിഎയ്ക്ക് വെല്ലുവിളികളുണ്ട്. സ്വതന്ത്ര സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അഭാവവും സാങ്കേതിക ജീവനക്കാരടക്കമുള്ള മനുഷ്യവിഭവശേഷിയുടെ കുറവും ഉൾപ്പെടെയുള്ള വിഷയങ്ങൾ എഫ്എഎ പരിശോധിച്ചേക്കും.എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളിൽ ഡിജിസിഎ ഇതിനകം രണ്ട് ഘട്ട പരിശോധനകൾ നടത്തി. ഗുരുതരമായ ചില വീഴ്ചകൾ കണ്ടെത്തിയെന്നും അവ പരിഹരിക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയെന്നും അധികൃതർ അറിയിച്ചു. എഫ്എഎ സംഘം എത്തുന്നതിന് മുമ്പ് എല്ലാ വിമാനക്കമ്പനികളെയും ഉൾപ്പെടുത്തി അവസാനഘട്ട പരിശോധനയും നടത്തും.

എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകളും എഫ്എഎ പരിശോധിച്ചേക്കുമെന്ന് മുൻ ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറൽ ജെ.എസ്. റാവത്ത് പറഞ്ഞു. എയർ ഇന്ത്യ എഐ 171 അപകടവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. രേഖകൾ ആവശ്യമായ നിലവാരം പുലർത്തുന്നില്ലെന്ന് കണ്ടെത്തിയാൽ അത് ഇന്ത്യയുടെ റേറ്റിങ്ങിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ മേൽനോട്ടം ICAO മാനദണ്ഡങ്ങൾക്കനുസരിച്ചല്ലെന്ന് എഫ്എഎ കണ്ടെത്തിയാൽ കാറ്റഗറി 2 ലഭിക്കാം.

അത്തരമൊരു സാഹചര്യം ഇന്ത്യൻ വിമാനക്കമ്പനികളെ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുന്നതല്ലെങ്കിലും യുഎസിലേക്കുള്ള സർവീസുകൾ വിപുലീകരിക്കുന്നതിന് നിയന്ത്രണങ്ങൾ വരാനും യുഎസ് അധികൃതരുടെ കൂടുതൽ പരിശോധനകൾ നേരിടേണ്ടിവരാനും സാധ്യതയുണ്ട്. യുഎസ് വിമാനക്കമ്പനികളുമായുള്ള കോഡ്‌ഷെയർ സർവീസുകളെയും ഇത് ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ നവംബറിലെ എഫ്എഎ പരിശോധന ഡിജിസിഎയുടെ സുരക്ഷാ മേൽനോട്ട സംവിധാനത്തിന്റെയും ജീവനക്കാരുടെയും നിയമനടപടികളുടെയും ഫലപ്രാപ്തി പരിശോധിക്കുന്ന നിർണായക പരിശോധനയാകും.

US FAA to assess India’s aviation safety oversight. What it means and why it matters

More Stories from this section

family-dental
witywide