
പാരിസ്: അന്താരാഷ്ട്ര പ്രശസ്ത റിയാലിറ്റി ടിവി താരം കിം കർദാഷിയാൻ 2016-ൽ പാരിസിൽ വച്ച് തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച് ഫ്രഞ്ച് കോടതി. കവർച്ച ചെയ്യപ്പെട്ട കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾക്ക് പകരമായി, പ്രതീകാത്മക നഷ്ടപരിഹാരമായി ‘ഒരു യൂറോ’ (ഏകദേശം 95 ഇന്ത്യൻ രൂപ) മാത്രം കിം കർദാഷിയാന് നൽകാൻ പാരിസ് കോടതി ഉത്തരവിട്ടു. പണത്തിനപ്പുറം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കിം തന്നെയാണ് ഈ പ്രതീകാത്മക തുക ആവശ്യപ്പെട്ടത്.
2016 ഒക്ടോബറിൽ പാരിസ് ഫാഷൻ വീക്കിനിടെയാണ് ലോകത്തെ ഞെട്ടിച്ച വൻ കവർച്ച നടന്നത്. പാരിസിലെ ആഡംബര ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം കിം കർദാഷിയാനെ ബാത്ത് ടബ്ബിൽ കെട്ടിയിട്ട ശേഷമാണ് വിലപിടിപ്പുള്ള ആഭരണങ്ങൾ കവർന്നത്. 20 കാരറ്റ് വജ്രമോതിരം ഉൾപ്പെടെ ഏകദേശം 60 ലക്ഷത്തിലധികം ഡോളർ (50 കോടിയിലധികം രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് അന്ന് നഷ്ടപ്പെട്ടത്.
വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ കേസിൽ പ്രതികളായ എട്ട് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്ക് തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. അതേസമയം, സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന കിമ്മിന്റെ സ്റ്റൈലിസ്റ്റിനും ഒരു യൂറോ പ്രതീകാത്മക നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാൽ, കവർച്ചാ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും കടുത്ത മാനസിക ആഘാതം നേരിടേണ്ടി വരികയും ചെയ്ത ഹോട്ടൽ റിസപ്ഷനിസ്റ്റിന് 1,09,516 യൂറോ (ഒരു കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാനും പ്രതികളോട് കോടതി കർശനമായി ഉത്തരവിട്ടിട്ടുണ്ട്.
Paris robbery case: French court awards Kim Kardashian one euro in symbolic compensation.















