
വാഷിംഗ്ടൺ: ഐഎസ്ഐഎസ് (ISIS) ഭീകരസംഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അമേരിക്കയിൽ ആയുധമാറ്റത്തിനും ഭീകരാക്രമണത്തിനും പദ്ധതിയിട്ട 21-കാരനെ യുഎസ് നീതിന്യായ വകുപ്പ് (DOJ) അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വലൻസിയ സ്വദേശിയായ ജോനാഥൻ ഹണ്ടർ ക്രാമർ ആണ് ഫെഡറൽ ഏജൻസികളുടെ പിടിയിലായത്.
‘ഹംസ അൽ റാഷിദ്’ എന്ന വ്യാജപ്പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ, ഐസ്ഐഎസ് സംഘടനയുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ തയ്യാറായ ഇയാൾ, ആക്രമണത്തിനായുള്ള തൻ്റെ ‘ദൗത്യത്തിന്’ ഒരു ആയുധത്തിൻ്റെ കുറവ് മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു.
2023 മുതൽ തന്നെ ഇയാൾ എഫ്.ബി.ഐയുടെ (FBI) നിരീക്ഷണത്തിലായിരുന്നു. മുൻപ് ഒരു കൂട്ടക്കൊലപാതക പദ്ധതിയുമായി ബന്ധപ്പെട്ട് പെൻസിൽവേനിയ അധികൃതർ ഇയാൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അടുത്തിടെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഒടുവിൽ സെപ്റ്റംബർ 12-ന് പ്രതിയെ എഫ്.ബി.ഐ സംഘം ഒരു സ്പോർട്സ് ഗുഡ്സ് സ്റ്റോറിന് സമീപം വെച്ച് പിടികൂടുന്നത്.
ഇയാളുടെ പക്കൽ നിന്നും താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നുമായി സെമി-ഓട്ടോമാറ്റിക് റൈഫിൾ, വെടിയുണ്ടകൾ നിറഞ്ഞ അഞ്ച് മാഗസിനുകൾ, 190 റൗണ്ട് വെടിയുണ്ടകൾ, പ്രാർത്ഥനാ പായ, പെപ്പർ സ്പ്രേ, മുപ്പതോളം കത്തികൾ എന്നിവ അന്വേഷണസംഘം കണ്ടെടുത്തു. “എന്നെ തിരയേണ്ട, എനിക്ക് എപ്പോഴും ഭയന്നു ജീവിക്കാൻ കഴിയില്ല” എന്ന് എഴുതിയ ഒരു കുറിപ്പും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു.
അമേരിക്കയിൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിൻ്റെ 25-ാം വാർഷികം രാജ്യം അനുസ്മരിക്കുന്ന വേളയിലാണ് സുരക്ഷാ ഏജൻസികൾ ഈ വൻ ദുരന്തം ഒഴിവാക്കിയതെന്ന് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ പറഞ്ഞു. പ്രതി ഓൺലൈൻ വഴി ഐസിസ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും ആയുധങ്ങൾ ശേഖരിച്ച് അക്രമത്തിന് തയാറെടുക്കുകയുമായിരുന്നുവെന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.
FBI averts major disaster around 9/11 anniversary; 21-year-old IS sympathizer arrested with a cache of weapons.















