
വാഷിംഗ്ടൺ: പ്രശസ്തമായ ജോൺ എഫ്. കെന്നഡി പെർഫോമിംഗ് ആർട്സ് സെൻ്ററിന് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേര് നൽകാനുള്ള നീക്കങ്ങൾക്ക് ഫെഡറൽ കോടതിയുടെ ശക്തമായ വിലക്ക്. നിയമങ്ങളെയും മുൻ കോടതി ഉത്തരവുകളെയും മറികടക്കാൻ കെന്നഡി സെൻ്റർ ഭരണസമിതി ‘ഭാഷാപരമായ കസർത്തുകൾ’ (Linguistic gymnastics) നടത്തുകയാണെന്ന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ പുറപ്പെടുവിച്ച കടുത്ത വിധിന്യായത്തിൽ വിമർശിച്ചു.
അതേസമയം, കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം, കെന്നഡി സെൻ്ററിൻ്റെ പ്രധാന കെട്ടിടം നവീകരണ പ്രവർത്തനങ്ങൾക്കായി ഉടനടി അടച്ചിടാൻ ട്രംപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള ട്രസ്റ്റി ബോർഡ് വോട്ട് ചെയ്തു. കെട്ടിടത്തിൻ്റെ മുകൾത്തട്ട് തകർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് അടിയന്തിര അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. എന്നാൽ, കെട്ടിടത്തിൽ തൻ്റെ പേര് ചേർക്കാതെ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഉന്നത കോടതികളുടെ വിധി വന്ന ശേഷമേ നിർമ്മാണം തുടങ്ങൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
“കോൺഗ്രസിൻ്റെ വ്യക്തമായ അനുമതിയില്ലാതെ പ്രതികൾക്ക് പ്രസിഡൻ്റ് ട്രംപിൻ്റെയോ മറ്റാരുടേയെങ്കിലുമോ സ്മാരകങ്ങൾ കെന്നഡി സെൻ്ററിൽ സ്ഥാപിക്കാൻ കഴിയില്ല. ബോർഡിൻ്റെ പ്രമേയം ഫെഡറൽ കോടതി ഉത്തരവിനും കോൺഗ്രസ് പാസാക്കിയ നിയമത്തിനും വിരുദ്ധമാണ്,” ജഡ്ജി കൂപ്പർ വിധിയിൽ വ്യക്തമാക്കി. കെന്നഡി സെൻ്ററിൻ്റെ പ്ലാസയ്ക്ക് ‘ഡോണൾഡ് ട്രംപ് പ്ലാസ’ എന്ന് പേരിടാനും, കെട്ടിടത്തിൽ ‘ട്രംപ് നവീകരിച്ചത്’ എന്ന് രേഖപ്പെടുത്താനുമുള്ള നീക്കങ്ങളാണ് കോടതി തടഞ്ഞത്.
ട്രംപിൻ്റെ പേര് ചേർത്താലേ സെൻ്റെറിൻ്റെ സാമ്പത്തിക ഭാവി ഭദ്രമാകൂ എന്ന ബോർഡിൻ്റെ വാദത്തെ കോടതി പൂർണ്ണമായി തള്ളി. നവീകരണത്തിനായി യു.എസ്. കോൺഗ്രസ് ഇതിനകം തന്നെ 257 മില്യൺ ഡോളർ (ഏകദേശം കാൽ ബില്യൺ ഡോളറിലധികം) അനുവദിച്ചിട്ടുണ്ട്. സെൻ്ററിൻ്റെ പേര് മാറ്റാൻ ബോർഡ് ശ്രമിച്ചതുമുതലാണ് വരുമാനത്തിൽ ഇടിവുണ്ടായതെന്നും, കലാകാരന്മാർ പ്രകടനങ്ങൾ റദ്ദാക്കിയതും വാഷിംഗ്ടൺ നാഷണൽ ഓപ്പറ 50 വർഷത്തെ റെസിഡൻസി അവസാനിപ്പിച്ചതും ബോർഡിൻ്റെ തെറ്റായ നയങ്ങൾ മൂലമാണെന്നും കോടതി നിരീക്ഷിച്ചു.
കെട്ടിടം രണ്ട് വർഷത്തേക്ക് അടച്ചിടാൻ ബോർഡ് 23-3 എന്ന ഭൂരിപക്ഷത്തിനാണ് വോട്ട് ചെയ്തത്. സെന്റർ കെട്ടിടം പൊതുജനങ്ങൾക്ക് സുരക്ഷിതമല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം ആദ്യം പെയ്ത ശക്തമായ മഴയിൽ കെട്ടിടത്തിൻ്റെ മുകൾത്തട്ടിൻ്റെ ഒരു ഭാഗം റെഡ് കാർപെറ്റിലേക്ക് തകർന്നുവീഴുന്ന സിസിടിവി ദൃശ്യങ്ങൾ കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പുറത്തുവിട്ടു. ആ സമയത്ത് പരിപാടികൾ നടന്നിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നെന്നും അതിനാലാണ് അടിയന്തിരമായി കെട്ടിടം അടയ്ക്കുന്നതെന്നും ഭരണസമിതി അറിയിച്ചു. ട്രംപിൻ്റെ പേര് ഉൾപ്പെടുത്തുന്നതിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോൾ യു.എസ്. രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Legal battle intensifies at the Kennedy Center: Court blocks Trump’s name; board orders immediate closure of the building.















