‘രത്തൻ ഖേൽക്കറെ സതീശൻ സെക്രട്ടറിയാക്കി, തരൂരും ചെന്നിത്തലയും എസ്.ഐ.ആറിനെ അനുകൂലിച്ചു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

എസ്.ഐ.ആറുമായും (SIR) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായും ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതിപക്ഷം രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുമ്പോൾ കേരളത്തിലെ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ കാപട്യം തുറന്നുകാട്ടി ബി.ജെ.പി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ പേഴ്സണൽ സെക്രട്ടറിയാക്കിയതും, പ്രതിപക്ഷ നേതാക്കളുടെ നിലപാടുകളും കോൺഗ്രസിന്റെ ഇരട്ടത്താപ്പിന് തെളിവാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആരോപിച്ചു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിന്റെ മുൻകാല തീരുമാനങ്ങളെയും നേതാക്കളുടെ പരസ്യ പ്രസ്താവനകളെയും ഉയർത്തിക്കാട്ടി കേന്ദ്രമന്ത്രി തുറന്നടിച്ചത്.

എസ്.ഐ.ആർ നടപടിയാണ് കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതെന്ന് ശശി തരൂരും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കേരളത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും, രാഹുൽ ഗാന്ധിയുടെ വാദങ്ങളോട് കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുണ്ടെന്നും പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. മുൻ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണ പിന്നീട് കോൺഗ്രസിൽ ചേർന്നതും, പദവിയിലുണ്ടായിരുന്നവർക്ക് കോൺഗ്രസ് ഗവർണർ സ്ഥാനവും എം.പി സ്ഥാനവും നൽകിയ ചരിത്രവും അദ്ദേഹം വാർത്താസമ്മേളനത്തിൽ വായിച്ചു കേൾപ്പിച്ചു. രാജ്യതലസ്ഥാനത്ത് സമരം തിളച്ചുമറിയുന്ന ഘട്ടത്തിൽ കേരളത്തിലെ ഉദാഹരണങ്ങൾ മുൻനിർത്തിയാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.

അതേസമയം, ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന രാഹുൽ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വ്യക്തമാക്കി. എന്നാൽ അതിനുമുമ്പായി കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കേരളം, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവെച്ച് മാതൃക കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളിൽ ആളുകളില്ലെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണം നൽകി ആളുകളെ എത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു.

Piyush Goyal Hits Out at Congress Over SIR and Election Commission Issue, Cites Kerala Leaders’ Stance

More Stories from this section

family-dental
witywide