ജർമനിക്ക് പ്രതിവർഷം 90,000ത്തിലേറെ ഇന്ത്യൻ തൊഴിലാളികളെ വേണം; അതിലും കൂടുതൽ ആവശ്യമെന്ന് ജർമൻ മന്ത്രി പറഞ്ഞതായും പീയുഷ് ഗോയൽ

ജർമനിക്ക് പ്രതിവർഷം കുറഞ്ഞത് 90,000 ഇന്ത്യൻ തൊഴിലാളികളെ ആവശ്യമുണ്ടെന്നും എന്നാൽ അതിലും കൂടുതൽ തൊഴിലാളികളെ വേണമെന്നാണ് ജർമൻ വിദേശകാര്യ മന്ത്രി അറിയിച്ചതെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ന്യൂഡൽഹിയിൽ വ്യാഴാഴ്ച നടന്ന ISID-IDRA ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരോടുള്ള സമീപനത്തിൽ വലിയ മാറ്റമുണ്ടായതായും ഗോയൽ പറഞ്ഞു. “മുമ്പ് വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ പാസ്‌പോർട്ടിന് വലിയ വിലയുണ്ടായിരുന്നില്ല. നമ്മളെ താഴ്ന്ന നിലയിലാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി പൂർണമായും മാറി,” അദ്ദേഹം പറഞ്ഞു. ജർമൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഓർമിച്ചുകൊണ്ടാണ് ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യകതയെക്കുറിച്ച് ഗോയൽ സംസാരിച്ചത്.

“ജർമനിക്ക് വർഷം 90,000 ഇന്ത്യൻ തൊഴിലാളികളെ വേണമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അതിലും കൂടുതൽ തൊഴിലാളികളെ ആവശ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,” ഗോയൽ വ്യക്തമാക്കി. ജർമനിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും വർധിച്ചുവരികയാണ്. 2025-26 ശൈത്യകാല സെമസ്റ്ററിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 17.5 ശതമാനം വർധിച്ച് 69,816 ആയി. ഇതോടെ ജർമനിയിലെ ഏറ്റവും വലിയ വിദേശ വിദ്യാർഥി വിഭാഗമായി ഇന്ത്യക്കാർ മാറി. ഒരു വർഷത്തിനിടെ ഏകദേശം 10,400 വിദ്യാർഥികളുടെ വർധനയുണ്ടായി.

ഗവേഷണം, നൂതന സാങ്കേതികവിദ്യ, രാജ്യാന്തര തൊഴിൽ അവസരങ്ങൾ എന്നിവയാണ് ഇന്ത്യൻ വിദ്യാർഥികളെ ജർമനിയിലേക്ക് ആകർഷിക്കുന്നത്. മിക്ക പൊതുസർവകലാശാലകളിലും ട്യൂഷൻ ഫീസ് ഈടാക്കാത്തതും ജർമനിയുടെ ആകർഷണം വർധിപ്പിക്കുന്നു. അതേസമയം, നിർമിതബുദ്ധിയുടെ (എഐ) വളർച്ചയ്ക്കിടയിൽ എഐയുടെ സ്വാധീനം കുറവായിരിക്കാവുന്ന തൊഴിൽ മേഖലകൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും ഗോയൽ പറഞ്ഞു. കരകൗശലം, കൈത്തറി, പാചകം, ടൂറിസം തുടങ്ങിയ മേഖലകൾക്ക് എഐയുടെ വെല്ലുവിളികളെ അതിജീവിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് യുവാക്കളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Germany needs over 90,000 Indian workers every year, Piyush Goyal recalls foreign minister’s response

More Stories from this section

family-dental
witywide