‘ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം, ഞങ്ങൾ പരിശോധിക്കും’; തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സുപ്രീം കോടതി. എസ്‌ഐആർ നടപടികൾക്ക് അനുമതി നൽകിയത് ഏകകണ്ഠമായ തീരുമാനത്തിലൂടെയല്ലെന്ന ആരോപണവും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ, “ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം. ഞങ്ങൾ പരിശോധിക്കും” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

എസ്‌ഐആർ നടപ്പാക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് സമയം അനുവദിച്ച കോടതി, കേസ് പരിഗണിക്കുന്നത് നവംബർ 17-ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനൊപ്പം ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യ നേതാക്കൾക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ എ.എം. സിങ്‌വിയാണ് കോടതിയിൽ ഹാജരായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആശയവിനിമയ രേഖകളും ഫയൽ കുറിപ്പുകളും സംരക്ഷിക്കാൻ നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ചർച്ചകൾക്കുശേഷമാണോ എടുത്തതെന്നും അവ ഏകകണ്ഠമായിരുന്നോ എന്നും പരിശോധിക്കാൻ ഈ രേഖകൾ നിർണായകമാണെന്ന് സിങ്‌വി വാദിച്ചു.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടത്താനുള്ള ഉത്തരവുകൾ കമ്മിഷൻ അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തിങ്കളാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide