കളിക്കൂ, നാടുകടത്തൂ, വീണ്ടും കളിക്കൂ; കുടിയേറ്റ നടപടികൾക്ക് വീഡിയോ ഗെയിം രൂപം നൽകി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനിടെ, കുടിയേറ്റ നാടുകടത്തൽ നയങ്ങൾക്ക് വിനോദത്തിന്റെ രൂപം നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി കുടിയേറ്റക്കാരെ നാടുകടത്താനും അതിർത്തി മതിൽ നിർമിക്കാനും കഴിയുന്ന ആർക്കേഡ് ശൈലിയിലുള്ള ഓൺലൈൻ വീഡിയോ ഗെയിമുകളാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയത്.

വ്യാഴാഴ്ച അവതരിപ്പിച്ച വെബ്‌സൈറ്റിൽ ‘സ്നേക്ക്’, ‘ടെട്രിസ്’ തുടങ്ങിയ ജനപ്രിയ ഗെയിമുകൾക്ക് ‘മാഗ’ (MAGA) ശൈലി നൽകിയിട്ടുണ്ട്. ട്രംപിന്റെ നയങ്ങൾ വിനോദത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

‘എക്‌സി’ൽ പങ്കുവെച്ച നിരവധി പോസ്റ്റുകളിലൂടെയാണ് നാടുകടത്തൽ പ്രമേയമാക്കിയ ഗെയിമുകളുടെ വരവ് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്. വീഡിയോ ഗെയിം കമ്പനിയായ സെഗയുടെ ബ്രാൻഡിങ് മാതൃകയിൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ ലോഗോ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോയും പുറത്തുവിട്ടു.

തുടർന്ന് വിവിധ ഗെയിമുകളുടെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തി. “CAN’T STOP WINNING. Build the wall. Deport. Fill a Trump Account” എന്ന കുറിപ്പോടെയാണ് വൈറ്റ് ഹൗസ് ഗെയിമുകൾ പ്രചരിപ്പിച്ചത്.

‘റിയോ റൺ’ എന്ന ഗെയിം ‘സ്നേക്ക്’ ഗെയിമിന്റെ മാതൃകയിലാണ്. യുഎസ് അതിർത്തി ചുമതലയുള്ള ടോം ഹോമന്റെ ഡിജിറ്റൽ രൂപം റിയോ ഗ്രാൻഡെ നദിക്കരയിലൂടെ വിവിധ വംശീയ പശ്ചാത്തലങ്ങളിലുള്ള കുടിയേറ്റക്കാരെ പിന്തുടരുന്നതാണ് ഗെയിമിന്റെ പ്രമേയം. യുഎസ്–മെക്സിക്കോ അതിർത്തിയുടെ ഭാഗമാണ് റിയോ ഗ്രാൻഡെ.

‘ബിൽഡ് ദ വാൾ’ എന്ന മറ്റൊരു ഗെയിം ‘ടെട്രിസ്’ മാതൃകയിലാണ്. വിവിധ ബ്ലോക്കുകൾ അടുക്കിവെച്ച് അതിർത്തി മതിൽ നിർമിക്കുകയാണ് ഗെയിമിൽ ചെയ്യേണ്ടത്. “വരാനിരിക്കുന്ന കൂട്ടത്തിൽ നിന്ന് അതിർത്തിയെ സംരക്ഷിക്കുക” എന്നാണ് ഗെയിമിലെ നിർദേശം.

മൂന്നാമത്തെ ഗെയിമിൽ കളിക്കാർ വലകൾ ശേഖരിച്ച് അവ ‘ട്രംപ് അക്കൗണ്ടുകളിൽ’ നിക്ഷേപിക്കണം. 2025 മുതൽ 2028 വരെ ജനിക്കുന്ന കുട്ടികൾക്കായി 1,000 ഡോളർ നിക്ഷേപത്തോടെ ആരംഭിക്കുന്ന നിക്ഷേപ അക്കൗണ്ടുകളാണ് ‘ട്രംപ് അക്കൗണ്ടുകൾ’.

ഭരണകൂടത്തിന്റെ നയങ്ങൾ കൂടുതൽ വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ മാർഗമായാണ് ഗെയിമുകളെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.

എല്ലാ അമേരിക്കക്കാരിലും സ്വാധീനം ചെലുത്തുന്ന രീതിയിൽ പ്രസിഡന്റിന്റെ നേട്ടങ്ങൾ അവതരിപ്പിക്കാനും പുതിയ രീതികൾ കണ്ടെത്താനും ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്,” എന്ന് വൈറ്റ് ഹൗസ് എഎഫ്‌പിയോട് വ്യക്തമാക്കി. എന്നാൽ ഗെയിമുകൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കുടിയേറ്റക്കാരുടെ ജീവിതത്തെ വിനോദമാക്കി മാറ്റുകയാണ് ഭരണകൂടമെന്ന് അവർ ആരോപിച്ചു.

ലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയത്. അധികാരമേറ്റതിന് പിന്നാലെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിനും അനധികൃത അതിർത്തി കടന്നുവരവ് കുറയ്ക്കുന്നതിനുമായി ഭരണകൂടം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ട്രംപ് ഭരണകൂടം തന്റെ നയങ്ങൾ പ്രചരിപ്പിക്കുന്നതിനും രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുന്നതിനുമായി സമൂഹമാധ്യമങ്ങളിലെ വിവാദപരമായ ഉള്ളടക്കങ്ങളും വിവിധ തരത്തിലുള്ള ഓൺലൈൻ പ്രചാരണങ്ങളും പതിവായി ഉപയോഗിക്കുന്നുണ്ട്. കുടിയേറ്റ നിയന്ത്രണം ഭരണകൂടത്തിന്റെ പ്രധാന മുൻഗണനകളിലൊന്നായി തുടരുന്നതിനിടെയാണ് പുതിയ വീഡിയോ ഗെയിം പ്രചാരണവും ആരംഭിച്ചിരിക്കുന്നത്.

Play, deport, repeat: Trump launches arcade-style immigration games

More Stories from this section

family-dental
witywide