ഫ്രാൻസിൽ പ്രതിഷേധവും സംഘർഷവും രൂക്ഷം, തെരുവുകളിൽ യുദ്ധസമാന സാഹചര്യം; ഫ്രാൻസിലെ ഇന്ത്യക്കാർക്ക് സുരക്ഷാ നിർദ്ദേശവുമായി എംബസി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വൻ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തുടരുന്ന ഫ്രാൻസിലുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ഫ്രാൻസിൽ താമസിക്കുന്നവരും അവിടേക്ക് യാത്ര ചെയ്യുന്നവരുമായ ഇന്ത്യക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാരീസ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ പ്രാദേശിക കർഫ്യൂ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ.

പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ വലിയ ജനക്കൂട്ടവും തിരക്കും പൂർണ്ണമായും ഒഴിവാക്കണമെന്നും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ‘gouvernement.fr’ വഴി നൽകുന്ന വിവരങ്ങളും പ്രാദേശിക വാർത്തകളും നിരന്തരം ശ്രദ്ധിക്കണം. പാരീസ് മേഖലയിൽ യാത്ര ചെയ്യുന്നവർ പൊതുഗതാഗത വിവരങ്ങൾക്കായി RATP വെബ്‌സൈറ്റ് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യമുണ്ടായാൽ പാരീസിലെ ഇന്ത്യൻ എംബസിയെയോ മാഴ്സെയിലെ കോൺസുലേറ്റ് ജനറലിനെയോ ബന്ധപ്പെടാവുന്നതാണ്.

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനെതിരെ സെപ്റ്റംബർ അവസാനത്തോടെ വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് രാജ്യവ്യാപക പ്രക്ഷോഭമായി മാറിയത്. വിലക്കയറ്റം, ജീവിതച്ചെലവ്, പൊതുസേവന മേഖലയിലെ വെട്ടിക്കുറയ്ക്കലുകൾ എന്നിവയ്‌ക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയതോടെ രാജ്യം കടുത്ത അശാന്തിയിലാണ്. പ്രകടനങ്ങൾ പലയിടത്തും അക്രമത്തിലേക്കും കൊള്ളയടിക്കലിലേക്കും വഴിമാറി. സംഘർഷങ്ങളിൽ ഇതുവരെ ആയിരത്തോളം പൊലീസുകാർക്ക് പരിക്കേൽക്കുകയും 2,400-ലധികം പേർ അറസ്റ്റിലാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

വരും ദിവസങ്ങളിൽ ഫ്രാൻസിലെ പ്രമുഖ വിദ്യാർത്ഥി യൂണിയനുകളും ‘യല്ലോ വെസ്റ്റ്’ പ്രസ്ഥാനവും വലിയ റാലികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നവംബർ 5-ന് രാജ്യവ്യാപക പണിമുടക്കിനും ആഹ്വാനമുണ്ട്. അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫ്രാൻസിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത തുടരണമെന്ന് എംബസി വ്യക്തമാക്കിയത്.

Protests and unrest intensify in France, with war-like conditions on the streets; Embassy issues safety advisories for Indians in France.

More Stories from this section

family-dental
witywide