ന്യൂയോർക്ക്: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ പൗരോഹിത്യകാലത്തും മാർപാപ്പയായ ശേഷവും എഴുതിയ സ്വകാര്യ ഡയറിക്കുറിപ്പുകൾ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകം നവംബർ 24ന് ഇംഗ്ലീഷിന് പുറമെ നാല് ഭാഷകളിൽ പുറത്തിറക്കും. പെൻഗ്വിൻ റാൻഡം ഹൗസിന്റെ ക്രിസ്ത്യൻ പബ്ലിഷിങ് വിഭാഗമായ ഇമേജാണ് ഇക്കാര്യം അറിയിച്ചത്. അന്തരിച്ച മാർപാപ്പയുടെ പ്രതീക്ഷകളും ആശങ്കകളും പോരാട്ടങ്ങളും പ്രാർഥനകളും അടുത്തറിയാൻ പുസ്തകം സഹായിക്കുമെന്ന് പ്രസാധകർ വ്യക്തമാക്കി. വത്തിക്കാന്റെ പ്രസാധന സ്ഥാപനമായ ലിബ്രേരിയ എഡിട്രിസ് വത്തിക്കാനയുമായി സഹകരിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്.
1992 ഡിസംബർ മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. മാർപാപ്പയാകുന്നതിന് ഒരു ദശാബ്ദത്തിലേറെ മുമ്പ് ആരംഭിച്ച കുറിപ്പുകൾ അദ്ദേഹത്തിന്റെ മരണത്തിന് എട്ട് മാസം മുമ്പ് വരെ നീളുന്നു. സ്പാനിഷ് ഭാഷയിലെ മൂലരേഖയിൽനിന്ന് സിസ്റ്റർ ബെർണഡെറ്റ് റെയ്സ് ഇംഗ്ലീഷ് പതിപ്പിലേക്ക് വിവർത്തനം ചെയ്തു. വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവനും അർജന്റീനിയൻ കർദിനാളുമായ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുസ്തകം എഡിറ്റ് ചെയ്യുകയും വിശദീകരണക്കുറിപ്പുകൾ ചേർക്കുകയും ചെയ്തു.
അർജന്റീനക്കാരനായ ജോർജ് മരിയോ ബെർഗോളിയോ ആയിരുന്നു ഫ്രാൻസിസ്. ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു അദ്ദേഹം. ലാളിത്യത്തിനും വിനയത്തിനും പ്രാധാന്യം നൽകിയിരുന്ന ഫ്രാൻസിസ്, കത്തോലിക്കാ സഭയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങൾക്ക് പകരം പീഡനം നേരിടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളുള്ള ദരിദ്ര രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾക്കും ശ്രദ്ധ നൽകിയിരുന്നു. കൊറോണ വൈറസ് മഹാമാരി ആരംഭിച്ചപ്പോൾ ആളൊഴിഞ്ഞ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽനിന്ന് അദ്ദേഹം ലോകത്തോട് ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ ചില നിലപാടുകൾ വിവാദങ്ങൾക്കും വഴിവച്ചിട്ടുണ്ട്. LGBTQ+ കത്തോലിക്കരോടുള്ള സമീപനത്തിന്റെ പേരിൽ ചില യാഥാസ്ഥിതിക വിഭാഗങ്ങളിൽനിന്ന് വിമർശനം നേരിട്ടു. ചിലി ബിഷപ്പ് ജുവാൻ ബറോസ് ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഫാ. ഫെർണാണ്ടോ കരദിമയെ സംരക്ഷിക്കാൻ സഹായിച്ചെന്ന ആരോപണം ഉന്നയിച്ചവരെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതും വിമർശനത്തിനിടയാക്കി. 2016ൽ അന്നത്തെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ഡോണൾഡ് ട്രംപ് യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കുമെന്ന പ്രഖ്യാപനത്തെക്കുറിച്ചും ഫ്രാൻസിസ് പ്രതികരിച്ചിരുന്നു. കുടിയേറ്റക്കാരെ തടയാൻ മതിൽ നിർമിക്കുന്ന ഒരാൾ ക്രിസ്ത്യാനിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഫ്രാൻസിസ് മാർപാപ്പ ‘ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്സി’ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ഹോപ്പ്’ എന്ന പേരിലുള്ള ഓർമക്കുറിപ്പും അദ്ദേഹത്തിന്റേതാണ്. 2025 ഏപ്രിൽ 21ന് 88-ാം വയസ്സിലായിരുന്നു ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. തുടർന്ന് ലിയോ പതിനാലാമൻ പുതിയ പോപ്പായി ചുമതലയേറ്റു.
Pope Francis’ diaries to be published, “The Private Diary of Pope Francis” will be released in English and four other languages on Nov. 24.












