‘ലെഹ്‌രാ ദോ തിരംഗ’ മാർച്ചിന് മുൻപ് കരുതൽ തടങ്കൽ; ഐസ പ്രസിഡൻ്റ് നേഹ ബോറ മോചിതയായി, സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ കസ്റ്റഡിയിൽ തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടത്താനിരുന്ന ‘ലെഹ്‌രാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന് മുന്നോടിയായി കരുതൽ തടങ്കലിലാക്കിയ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയെ പൊലീസ് മോചിപ്പിച്ചു. എന്നാൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ അറസ്റ്റ് ചെയ്തതായും ഇദ്ദേഹത്തെ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണോട്ട് പ്ലേസിലേക്ക് പ്രതിഷേധവുമായി നീങ്ങുന്നതിനിടെ നേഹ ബോറയെ മണ്ഡി ഹൗസിൽ നിന്നും, അഭിജീത് ദിപ്‌കെയെ ഝന്ദേവാലനിൽ നിന്നുമാണ് പിടികൂടിയത്. ഡൽഹി പൊലീസ് ആക്റ്റിലെ സെക്ഷൻ 65 പ്രകാരമുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ശനിയാഴ്ച പുലർച്ചെയോടെ നേഹയെ വിട്ടയച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 126, 170 വകുപ്പുകൾ പ്രകാരമാണ് ദിപ്‌കെയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐസ രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത ശേഷം നേഹ ബോറയെ അഞ്ച് മണിക്കൂറോളം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് വാഹനത്തിൽ കറക്കിയ ശേഷമാണ് ആർ.കെ. പുരം പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് സംഘടന ആരോപിച്ചു. അർദ്ധരാത്രിയിൽ സ്റ്റേഷനിലെത്തിയ അഭിഭാഷകരെ നേഹയെ കാണാൻ അനുവദിച്ചില്ലെന്നും, അസുഖബാധിതയായ അവർക്ക് മരുന്ന് നൽകാൻ പോലും പൊലീസ് തയ്യാറായില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

എന്നാൽ, നഗരത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് കരുതൽ നടപടിയുടെ ഭാഗമായി 150 ഓളം പേരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണോട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് പൂർണ്ണമായും പൊലീസ് നിയന്ത്രണത്തിലാണ്. മേഖലയിൽ ദ്രുതകർമ്മ സേനയെയും വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Preventive detention ahead of ‘Lehra Do Tiranga’ march; AISA President Neha Bora released, CJP founder Abhijit Dipke remains in custody.

More Stories from this section

family-dental
witywide