വാഷിങ്ടൺ: അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ശേഷം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകുന്ന ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിർദേശം അന്തിമഘട്ടത്തിലേക്ക്. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള നിർദേശം വൈറ്റ് ഹൗസ് പരിശോധന പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഇനി ഇത് ഔദ്യോഗിക നിയമമായി പ്രസിദ്ധീകരിക്കും.
അമേരിക്കയിൽ പഠിക്കുന്ന എഫ്-1 രാജ്യാന്തര വിദ്യാർഥികൾക്ക് പഠിച്ച വിഷയവുമായി ബന്ധപ്പെട്ട തൊഴിൽ പരിചയം നേടാൻ അവസരം നൽകുന്ന താൽക്കാലിക തൊഴിൽ പദ്ധതിയാണ് OPT. പഠനം പൂർത്തിയാക്കിയ ശേഷം സാധാരണയായി 12 മാസം വരെ ജോലി ചെയ്യാൻ അനുമതി ലഭിക്കും. യോഗ്യതയുള്ള STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) മേഖലകളിൽ പഠിച്ചവർക്ക് 24 മാസം കൂടി നീട്ടിനൽകും. ഇതോടെ മൂന്ന് വർഷം വരെ ജോലി ചെയ്യാനാകും.
ബിരുദപഠനത്തിനും എച്ച്-1ബി പോലുള്ള തൊഴിൽ അധിഷ്ഠിത കുടിയേറ്റ പദ്ധതികൾക്കുമിടയിലെ പ്രധാന വഴിയാണ് OPT. കഴിഞ്ഞ വർഷം ഏകദേശം 3 ലക്ഷം എഫ്-1 വിദ്യാർഥികൾക്ക് OPT വഴി തൊഴിൽ അനുമതി ലഭിച്ചതായി ബ്ലൂംബെർഗ് ലോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 1 ലക്ഷം ഡോളർ ഫീസ് ആരാണ് അടയ്ക്കേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) നിർദേശത്തിൽ ഫീസ് വിദ്യാർഥിയോ സർവകലാശാലയോ തൊഴിലുടമയോ അടയ്ക്കണമെന്നത് വ്യക്തമാക്കിയിട്ടില്ല.
വിദ്യാർഥികളെ OPT വഴി നിയമിക്കുന്ന തൊഴിലുടമകൾക്ക് പകരം സർവകലാശാലകൾ തന്നെ ഫീസ് വഹിക്കേണ്ടി വരാമെന്നാണ് ചില നിയമവിദഗ്ധരുടെ വിലയിരുത്തൽ. നയവിശകലന വിദഗ്ധൻ സാം പീക്ക് പറയുന്നത് സർവകലാശാലകൾക്ക് ഇത്തരമൊരു ഫീസ് നൽകേണ്ടിവരുന്നത് യുക്തിസഹമല്ലെന്നാണ്. വിദ്യാർഥികൾ തന്നെയാണ് 1 ലക്ഷം ഡോളർ അടയ്ക്കേണ്ടിവരുന്നതെങ്കിൽ, അത് രാജ്യാന്തര വിദ്യാർഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. പ്രത്യേകിച്ച് ബിരുദം പൂർത്തിയാക്കിയ ശേഷം യുഎസിൽ ആദ്യമായി ജോലി നേടാൻ OPTയെ ആശ്രയിക്കുന്നവർക്ക് ഇത് വലിയ പ്രതിസന്ധിയാകും.
ഇന്ത്യൻ വിദ്യാർഥികൾക്ക് OPT, എച്ച്-1ബി വിസയിലേക്കുള്ള പ്രധാന വഴികളിലൊന്നാണ്. OPT കാലയളവിൽ യുഎസിൽ ജോലി പരിചയം നേടുന്നതിനൊപ്പം തൊഴിലുടമയ്ക്ക് എച്ച്-1ബി സ്പോൺസർഷിപ്പിനുള്ള നടപടികളും സ്വീകരിക്കാം. അതിനാൽ 1 ലക്ഷം ഡോളറിന്റെ ഫീസ് വിദ്യാർഥികളെ മാത്രമല്ല, സർവകലാശാലകളെയും രാജ്യാന്തര ബിരുദധാരികളെ ആശ്രയിക്കുന്ന തൊഴിലുടമകളെയും ബാധിക്കും.ഫീസ് സർവകലാശാലകളാണ് അടയ്ക്കേണ്ടിവരുന്നതെങ്കിൽ രാജ്യാന്തര വിദ്യാർഥികളുടെ പ്രവേശനം കുറയാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ അമേരിക്കൻ അഡ്വക്കസി കൗൺസിൽ സഹസ്ഥാപകൻ സിദ്ധാർഥ് പറഞ്ഞു.
“രാജ്യാന്തര വിദ്യാർഥികൾ അവരുടെ ട്യൂഷൻ ഫീസും കഴിവുകളും ഗവേഷണശേഷിയും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റും. STEM ബിരുദ പ്രോഗ്രാമുകളെയും ഇത് ബാധിക്കും. യുഎസിൽ വിദ്യാഭ്യാസം നേടിയ കഴിവുള്ളവരെ ലഭിക്കുന്ന പ്രധാന മാർഗങ്ങളിലൊന്ന് അമേരിക്കൻ തൊഴിലുടമകൾക്ക് നഷ്ടപ്പെടും. ഇതിനകം പ്രവേശന സമ്മർദം നേരിടുന്ന സർവകലാശാലകൾക്ക് കോടിക്കണക്കിന് ഡോളറിന്റെ അധിക നഷ്ടമുണ്ടാകും,” അദ്ദേഹം പറഞ്ഞു.
ഇത് വെറും കുടിയേറ്റ നിയന്ത്രണമല്ല. സർവകലാശാലകൾ മത്സരിച്ച് റിക്രൂട്ട് ചെയ്യുന്ന രാജ്യാന്തര വിദ്യാർഥികളെ പഠനം പൂർത്തിയാക്കിയ ശേഷം വലിയ സാമ്പത്തിക ബാധ്യതയായി മാറ്റുകയാണ്. ഇതോടെ അമേരിക്കൻ ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഘടന തന്നെ മാറും. മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ സാമ്പത്തിക ബാധ്യതയാക്കുന്നതിലൂടെ അമേരിക്കൻ സർവകലാശാലകളെ ശക്തിപ്പെടുത്താനാകില്ല എന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.
Proposal of $100K OPT fee clears White House review











