രണ്ട് കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഉറപ്പിച്ച് അമേരിക്ക; പഴയ ആണവ കരാറിലേക്ക് മടങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്, ച‌ർച്ചകളിൽ പ്രതീക്ഷ അർപ്പിച്ച് ലോകം

വാഷിംഗ്ടൺ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം തയ്യാറെടുക്കുമ്പോഴും, ഇറാനുമായുള്ള തർക്കവിഷയങ്ങളിൽ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കി ട്രംപ് ഭരണകൂടം. പ്രധാനമായും രണ്ട് കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. ഇറാൻ ഒരു കാരണവശാലും ആണവ പദ്ധതികളുമായി മുന്നോട്ട് പോകാനോ ആണവായുധങ്ങൾ നിർമ്മിക്കാനോ അനുവദിക്കില്ല എന്നതാണ് ഒന്നാമത്തെ നിലപാട്. അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ ഉൾപ്പെടെ ഇറാനിയൻ തുറമുഖങ്ങൾക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കില്ലെന്നതാണ് രണ്ടാമത്തെ കടുത്ത തീരുമാനം.

എന്നാൽ, മാസങ്ങളായി തുടരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ 2015-ലെ ചരിത്രപരമായ ആണവ കരാറിന്റെ അടിസ്ഥാന രൂപരേഖയിലേക്ക് ട്രംപ് ഭരണകൂടം മടങ്ങാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഒപ്പുവെച്ച ഈ കരാറിലെ വ്യവസ്ഥകൾ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയായി ചില നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആണവ മോഹങ്ങൾ ഉപേക്ഷിക്കാൻ ഇറാനെ പ്രേരിപ്പിക്കുന്നതിനായി, മുൻപ് മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഉപരോധ വരുമാനം വിട്ടുനൽകുന്ന കാര്യവും അമേരിക്കയുടെ പരിഗണനയിലുണ്ട്.

അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും കടുത്ത ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഭരണകൂടത്തിന് ഈ സാമ്പത്തിക ആശ്വാസം വലിയൊരു ഘടകമാണ്. എന്നിരുന്നാലും, തുറമുഖ ഉപരോധം തുടരുമെന്ന അമേരിക്കയുടെ പ്രഖ്യാപനം ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇസ്ലാമാബാദിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന കൂടിക്കാഴ്ചകളിൽ ഈ നിർദ്ദേശങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാൻ ട്രംപ് ഭരണകൂടം തങ്ങളുടെ മുൻ നിലപാടുകളിൽ മാറ്റം വരുത്തുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

More Stories from this section

family-dental
witywide