ന്യൂഡൽഹി: ‘ദിമാഗി നക്സൽ’ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുമായുള്ള പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയും അദ്ദേഹം ആവർത്തിച്ചു.”നിങ്ങളുടെ മുഖങ്ങൾ എല്ലാം പറയുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ നുണകൾ നിങ്ങൾ വിശ്വസിച്ചില്ല. അദ്ദേഹം ഞങ്ങളെ നക്സലുകളെന്ന് വിളിച്ചു” – സിആർപിഎഫ് ഉദ്യോഗസ്ഥരെ നേരിട്ട് അഭിസംബോധന ചെയ്ത് രാഹുൽ എക്സിൽ കുറിച്ചു.
ആരാണ് രാജ്യവിരുദ്ധർ, ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി തന്നോട് സംവാദത്തിന് തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. “എന്റെ വെല്ലുവിളി നിലനിൽക്കുന്നു. ആരാണ് രാജ്യവിരുദ്ധർ, ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് എന്നതിൽ എപ്പോൾ വേണമെങ്കിലും, എവിടെവച്ചും എന്നോട് സംവാദത്തിന് തയ്യാറാകട്ടെ. സംവാദത്തിനുശേഷം ഒരു ജവാന്റെ മുന്നിൽ നിൽക്കാനുള്ള ധൈര്യം പോലും പ്രധാനമന്ത്രിക്കുണ്ടാകില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു” – അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്ത് നക്സലിസത്തിന്റെ ഭീഷണി പൂർണമായി അവസാനിച്ചിട്ടില്ലെന്ന് മോദി മുന്നറിയിപ്പ് നൽകിയിരുന്നു. വനമേഖലകളിൽ സായുധ നക്സലുകളെ ഇല്ലാതാക്കിയെങ്കിലും ‘ദിമാഗി നക്സലുകൾ’ വിവിധ സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇവർ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സുരക്ഷാസേനാംഗങ്ങളുടെ സ്വാതന്ത്ര്യം മുൻ സർക്കാരുകൾ നിയന്ത്രിച്ചെന്നും മോദി ആരോപിച്ചു. ആവശ്യമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം തന്റെ സർക്കാർ സുരക്ഷാസേനയ്ക്ക് നൽകിയിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടിരുന്നു.
Congress leader Rahul Gandhi on Monday hit back at Prime Minister Narendra Modi over his ‘Dimagi Naxal’ remarks, and renewed his challenge to the Prime Minister for an open debate.












