
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നപ്പോൾ, ലിറ്ററിന് 50 രൂപ വരെ വർധിക്കുമായിരുന്ന ഡീസൽ വിലയിൽ 43 രൂപയും സർക്കാർ വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള വിപണിയിലെ വിലക്കയറ്റത്തിന്റെ അമിതഭാരം രാജ്യത്തെ പൗരന്മാരിലേക്കും കർഷകരിലേക്കും അടിച്ചേൽപ്പിക്കാതിരിക്കാൻ വിലവർധനവ് ലിറ്ററിന് 7 രൂപയായി പരിമിതപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസ് 2026’-ന്റെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംഘർഷസമയത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറായി ഉയർന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതേ കാലയളവിൽ അയൽരാജ്യങ്ങളിൽ ഡീസൽ വില 40 മുതൽ 50 ശതമാനം വരെ വർധിച്ചു. എന്നാൽ, ഇന്ത്യയിൽ വിലവർധനവ് നിയന്ത്രിച്ചു നിർത്താൻ സാധിച്ചു. ഇന്ധനവില വർധനവിൽ നിന്ന് ഉപഭോക്താക്കളെയും കർഷകരെയും സംരക്ഷിക്കുന്നതിനായി സർക്കാർ പ്രതിമാസം 14,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, കർഷകർക്ക് മിതമായ നിരക്കിൽ വളം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ 12 വർഷത്തിനിടെ സർക്കാർ 16 ലക്ഷം കോടി രൂപ ചെലവഴിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ വലിയ തുകയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്താരാഷ്ട്ര വിപണി വിലയും ആഭ്യന്തര നിരക്കും തമ്മിലുള്ള വ്യത്യാസവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 5,000 രൂപ വിലവരുന്ന ഒരു ബാഗ് ഡിഎപി വളം ഇന്ത്യൻ കർഷകർക്ക് 1,300 രൂപയ്ക്കാണ് നൽകുന്നത്. വിദേശ വിപണിയിൽ 3,000 രൂപയോളം വിലവരുന്ന ഒരു ബാഗ് യൂറിയ 300 രൂപയിൽ താഴെ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
കൃഷിച്ചെലവ് നിയന്ത്രിക്കുന്നതിനും കാർഷിക വളർച്ച നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾ കർഷകരുടെ വരുമാനത്തെയും ഉപഭോക്താക്കളെയും ബാധിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Modi stated that the government acted as a shield for farmers against price hikes by limiting the increase in diesel prices to 7 rupees, instead of the 50-rupee hike that would have otherwise occurred.















